ബൈക്ക് വിൽപ്പന: ബജാജിനെ വെട്ടി ഹോണ്ട 2—ാമത്

ബജാജ് ഓട്ടോ ലിമിറ്റഡിനെ അട്ടിമറിച്ച് രാജ്യത്തെ ബൈക്ക് നിർമാതാക്കളിലെ രണ്ടാം സ്ഥാനം ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) സ്വന്തമാക്കി. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ ബൈക്ക് വിൽപ്പനയുടെ കണക്കെടുപ്പിലാണു ഹോണ്ടയ്ക്കു മുന്നിൽ ബജാജ് ഓട്ടോ കീഴടങ്ങിയത്. 

കഴിഞ്ഞ ഏപ്രിൽ — സെപ്റ്റംബർ അർധവർഷത്തിൽ 10,48,143 മോട്ടോർ സൈക്കിളുകളാണ് എച്ച് എം എസ് ഐ വിറ്റത്; മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 19.8% വളർച്ച. അതേസമയം ബജാജ് ഓട്ടോയുടെ ബൈക്ക് വിൽപ്പനയാവട്ടെ 10,10,559 യൂണിറ്റിലൊതുങ്ങി. മുൻവർഷം ഇതേ കാലത്തെ വിൽപ്പനയെ അപേക്ഷിച്ച് 10.45% കുറവാണിതെന്നും ഇന്ത്യൻ വാഹന നിർമാതാക്കളുടെ സൊസൈറ്റിയായ ‘സയാ’മിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2016 — 17ന്റെ ആദ്യ പകുതിയിൽ ബജാജ് ഓട്ടോ ലിമിറ്റഡ് 11,28,425 ബൈക്കുകളും ഹോണ്ട 8,74,852 ബൈക്കുകളുമാണു വിറ്റത്. 

അതേസമയം ബൈക്ക് വിപണിയിൽ ഹീറോ മോട്ടോ കോർപിന്റെ ആധിപത്യത്തിനു വെല്ലുവിളി ഉയർത്താൻ ഹോണ്ടയ്ക്കോ ബജാജിനോ സാധിച്ചിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രിൽ — സെപ്റ്റംബർ കാലത്ത് ഹീറോ 33,44,292 ബൈക്കുകളാണു വിറ്റത്. മുൻ സാമ്പത്തിക വർഷത്തിന്റെ പൂർവാർധത്തിൽ വിറ്റ 30,34,504 യൂണിറ്റിനെ അപേക്ഷിച്ച് 10.2% അധികമാണിത്. ബൈക്ക് വിൽപ്പനയിൽ തിളങ്ങുമ്പോഴും സ്കൂട്ടർ വിഭാഗത്തിലെ പ്രകടനത്തിൽ ഹീറോ മോട്ടോ കോർപിന് കാലിടറിയിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായ ടി വി എസ് മോട്ടോർ കമ്പനിയാണു ഹീറോയെ അട്ടിമറിച്ച് സ്കൂട്ടർ വിൽപ്പനയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.

കഴിഞ്ഞ ഏപ്രിൽ — സെപ്റ്റംബർ അർധവർഷത്തിൽ ഹീറോ 4,43,321 സ്കൂട്ടറാണു വിറ്റത്; 2016 — 17ന്റെ ആദ്യ പകുതിയിൽ വിറ്റ 4,48,321 എണ്ണത്തെ അപേക്ഷിച്ച് 1.12% കുറവ്. അതേസമയം ടി വി എസ് ആവട്ടെ അർധ വാർഷിക വിൽപ്പന കണക്കെടുപ്പിൽ 41.3% വർധനയാണു കൈവരിച്ചത്. 2016 — 17ന്റെ ആദ്യ പകുതിയിൽ 4,00,804 സ്കൂട്ടർ വിറ്റത് ഇത്തവണ 5,66,362 എണ്ണമായാണു ടി വി എസ് മെച്ചപ്പെടുത്തിയത്.ബൈക്കുകളുടെ വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് 4.32% വർധന നേടാൻ ടി വി എസിനു കഴിഞ്ഞു.  അർധ വാർഷിക വിൽപ്പന കണക്കെടുപ്പിൽ റോയൽ എൻഫീൽഡും തിളങ്ങി. 2016 — 17ന്റെ ആദ്യ പകുതിയിൽ 3,07,150 ‘ബുള്ളറ്റ്’ വിറ്റത് ഇത്തവണ 23.17% വർധനയോടെ 3,78,304 എണ്ണമായിട്ടാണു കമ്പനി വർധിപ്പിച്ചത്.