ചരിത്രം കുറിക്കാൻ വൈദ്യുത നാനോ

വൈദ്യുത ‘നാനോ’ വൈകില്ലെന്ന വ്യക്തമായ സൂചനയുമായി ടാറ്റ മോട്ടോഴ്സ്; ബാറ്ററിയിൽ ഓടുന്ന ‘നാനോ’യുടെ രഹസ്യ പരീക്ഷണത്തിനു കോയമ്പത്തൂരിലെ നിരത്തുകളെയാണു കമ്പനി തിരഞ്ഞെടുത്തത്. പ്രതീക്ഷിച്ചതിലും നേരത്തെ വൈദ്യുത ‘നാനോ’ വിൽപ്പനയ്ക്കെത്തുമെന്നതിന്റെ സൂചനയായാണ് ഈ പരീക്ഷണ ഓട്ടം വിലയിരുത്തപ്പെടുന്നത്. കോയമ്പത്തൂരിലെ രഹസ്യ സങ്കേതത്തിൽ നടന്ന പരീക്ഷണ ഓട്ടത്തിനു സാക്ഷ്യം വഹിക്കാൻ ടാറ്റ സൺസ് ചെയർമാൻ എമിരറ്റസായ രത്തൻ എൻ ടാറ്റയും എത്തിയിരുന്നു. വൈദ്യുത ‘നാനോ’ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും കോയമ്പത്തൂരിലെ പരീക്ഷണ ഓട്ടം വിജയമായിരുന്നെന്നാണു സൂചനകൾ. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാർ എന്ന പേരിൽ പുറത്തിറങ്ങിയ നാനോയുടെ ഇലക്ട്രിക് മോഡലും അതേ ചരിത്രം ആവർത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ഈ പുത്തൻ ‘നാനോ’യിലൂടെ വൈദ്യുത വാഹന മേഖലയിൽ ശക്തമായ സാന്നിധ്യമാണു ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്. യു എസിലെ ടെസ്ല ഇൻകോർപറ്റേഡ് പോലുള്ള അപൂർവം നിർമാതാക്കൾ മാത്രമാണ് നിലവിൽ വൈദ്യുത വാഹന ഉൽപ്പാദനരംഗത്തുള്ളത്. ഇന്ത്യയിലാവട്ടെ വൈദ്യുത ‘നാനോ’യ്ക്കു വെല്ലുവിളി ഉയർത്താൻ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ‘ഇ ടു ഒ പ്ലസ്’ മാത്രമാണുണ്ടാവുക. രത്തൻ ടാറ്റയുടെ മാനസസന്താനമായ ‘നാനോ’യുടെ ഉൽപ്പാദനം നിർത്താൻ കമ്പനി ഒരുങ്ങുന്നെന്ന വാർത്തകൾക്കിടയിലാണു ടാറ്റ മോട്ടോഴ്സ് വൈദ്യുത ‘നാനോ’യുടെ പരീക്ഷണ ഓട്ടം കോയമ്പത്തൂരിൽ സംഘടിപ്പിക്കുന്നത്. ലിതിയം അയോൺ ബാറ്ററികളിൽ നിന്ന് ഊർജം കണ്ടെത്തുന്ന വൈദ്യുത മോട്ടോർ സഹിതമാണു വൈദ്യുത ‘നാനോ’യുടെ വരവ്.

രാജ്യത്ത് 2030 ആകുമ്പോഴേക്ക് പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കമാണു വൈദ്യുത ‘നാനോ’യ്ക്ക് അനന്ത സാധ്യത സമ്മാനിക്കുന്നത്. ചാർജിങ് സ്റ്റേഷൻ പോലെ അടിസ്ഥാന സൗകര്യ മേഖലയിലെ അപര്യാപ്തതകളും വാഹന വേഗത്തിലെ പരിമിതിയും പെട്രോൾ, ഡീസൽ കാറുകളെ അപേക്ഷിച്ച് വില ഉയർന്നതലത്തിലായതുമൊക്കെ ബാറ്ററിയിൽ ഓടുന്ന മോഡലുകളുടെ വ്യാപനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 

പരമ്പരാഗത എൻജിനോടെ വിപണിയിലുള്ള ‘നാനോ’യ്ക്കു വലിയ ഭാവിയില്ലെന്നു വിൽപ്പന കണക്കുകളും സാക്ഷ്യപ്പെടുത്തുന്നു. 2016 മേയ് മാസത്തെ അപേക്ഷിച്ച് 58% ഇടിവോടെ 355 യൂണിറ്റായിരുന്നു മേയിലെ ‘നാനോ’ വിൽപ്പന. തുടർന്നുള്ള മാസങ്ങളിലും ‘നാനോ’ വിൽപ്പന ഈ നിലവാരത്തിലൊക്കെ തുടരുകയാണ്.  ഈ സാഹചര്യത്തിൽ ആഭ്യന്തര വിപണിയിൽ ‘നാനോ’ വിൽപ്പന അവസാനിപ്പിക്കാനും കയറ്റുമതി മാത്രം ലക്ഷ്യമിട്ട് ഉൽപ്പാദനം തുടരാനും ടാറ്റ മോട്ടോഴ്സ് ആലോചിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. അതേസമയം വൈദ്യുത മോഡൽ വിജയം വരിച്ചാൽ ഇന്ത്യൻ കാർ വിപണിയിൽ ‘നാനോ’യുടെ ശക്തമായ തിരിച്ചുവരവിന്റെ നാന്ദി കൂടിയാവുമത്.