അപകടമുണ്ടാക്കിയത് പ്രേത കാറോ? രഹസ്യം ചുരുളഴിയുന്നു

Image Captured From Youtube Video

സിംഗപ്പൂരിലെ ഒരു ട്രാഫിക് സിഗ്നലിൽ നടന്നൊരു അപകടമാണ് കുറച്ചു ദിവസങ്ങൾ മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. തിരക്കേറിയ ട്രാഫിക് ഐലൻഡിൽ കൂടി മുന്നോട്ട് നീങ്ങുന്ന ബിഎംഡബ്ല്യു കാറിൽ സിൽവർ നിറത്തിലുള്ള കാർ ഇടിച്ചുകയറുകയായിരുന്നു. മറ്റൊരു വാഹനത്തിന്റെ ഡാഷ് ബോർഡ് കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. അപകടമുണ്ടാകുന്നത് വരെ സിൽവർ നിറത്തിലുള്ള കാറിനെ വിഡിയോയിലൊന്നും കാണാൻ കഴിയില്ല എന്നതായിരുന്നു വിഡിയോയെ വൈറലാക്കിയത്.

നടുറോഡിൽ പ്രത്യക്ഷപ്പെട്ടത് പ്രേതകാറാണ് എന്നുവരെയാണ് ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. എന്നാൽ പുറകെ വരുന്ന വാഹനത്തിലെ ‍ഡാഷ് ബോർഡ് ക്യാമറയിൽ കാർ ദൃശ്യമാകാതിരുന്നതാണ് ഈ കഥകൾക്ക് അടിസ്ഥാനം. വിഡിയോ ശ്രദ്ധിച്ചു നോക്കിയാൽ സംഗതി മനസിലാകും. മുന്നിൽ പോകുന്ന ബിഎം‍ഡബ്ല്യു കാർ കാരണമാണ് സിൽവർ കാറിനെ കാണാതിരുന്നത്.

എതിരെ വരുന്ന കാർ സിഗ്നലിൽ നിർത്തുമെന്ന് കരുതി വാഹനം മുന്നോട്ടെടുത്തു. എന്നാൽ ആ കാർ നിർത്തിയതുമില്ല, ഇതാണ് അപകട കാരണം. അപകടം നടന്നയുടനെ ട്രാഫിക് സിഗ്നൽ ചുവപ്പാകുന്നതും വിഡിയോയിൽ കാണാം. കൂടാതെ ബിഎം‍ഡബ്ല്യുവിന്റെ മുകൾ ഭാഗത്ത് ശ്രദ്ധിച്ചു നോക്കിയാലും ഇടിച്ച കാറിന്റെ ഭാഗങ്ങൾ കാണാം എന്നാണ് ഇത് പ്രേത കാർ അല്ലെന്ന് സ്ഥാപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വരുന്ന വിശദീകരങ്ങള്‍.