വരവായ് ഹോണ്ട ‘ഗ്രാസ്യ’; ബുക്കിങ് ഇന്നു മുതൽ

Honda Grazia

ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യിൽ നിന്നുള്ള പുത്തൻ ഓട്ടമാറ്റിക് സ്കൂട്ടറായ ‘ഗ്രാസ്യ’യ്ക്കുള്ള ബുക്കിങ്ങിനു തുടക്കമാവുന്നു.  ഇന്നു (25) മുതൽ ‘ഗ്രാസ്യ’യുടെ ബുക്കിങ് സ്വീകരിച്ചു തുടങ്ങുമെന്നാണു ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ എച്ച് എം എസ് ഐയിൽ നിന്നുള്ള അറിയിപ്പ്. 2,000 രൂപ അഡ്വാൻസ് ഈടാക്കിയാവും ‘അർബൻ സെൻസേഷൻ’ എന്നു കമ്പനി വിശേഷിപ്പിക്കുന്ന ‘ഗ്രാസ്യ’യ്ക്കുള്ള ബുക്കിങ്ങുകൾ രാജ്യത്തെ ഹോണ്ട ഡീലർഷിപ്പുകൾ സ്വീകരിക്കുക.

വൻനഗരങ്ങളിലെ പുതുതലമുറയെ ലക്ഷ്യമിട്ടാണ് അഡ്വാൻസ്ഡ് അർബൻ സ്കൂട്ടർ എന്ന ആശയത്തിൽ അധിഷ്ഠിതമായി  ‘ഗ്രാസ്യ’ ഹോണ്ട സാക്ഷാത്കരിച്ചത്. ഇന്ത്യയിൽ സ്വതന്ത്ര നിലയിൽ പ്രവർത്തനം ആരംഭിച്ച് 16 വർഷം പിന്നിടുമ്പോൾ രണ്ടു കോടിയോളം കുടുംബങ്ങളാണു ഹോണ്ടയിൽ വിശ്വാസമർപ്പിച്ചതെന്നു കമ്പനി അവകാശപ്പെടുന്നു. ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ സ്കൂട്ടറുകളുടെ മടങ്ങിവരവിന് വഴി തെളിച്ചതിന്റെ പെരുമയും ഹോണ്ടയ്ക്ക് അവകാശപ്പെട്ടതാണ്. ‘ആക്ടീവ’യും ‘ഡിയോ’യുമടക്കം ആറു മോഡലുകളുമായി വിപണി വാഴുന്ന ഹോണ്ടയിൽ നിന്നുള്ള ഏഴാമത് പുതമയാവും ‘ഗ്രാസ്യ’.

നൂതന സാങ്കേതികവിദ്യയുടെയും പുതുമ തുളുമ്പുന്ന സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും ആകർഷക രൂപകൽപ്പനയുടെയുമൊക്കെ പിൻബലമാണു ‘ഗ്രാസ്യ’യ്ക്കു കരുത്തേകുക. ഒപ്പം ഹോണ്ട എല്ലായ്പ്പോഴും വാഗ്ദാനം ചെയ്യുന്ന ഉന്നത ഗുണമേന്മയും മികച്ച വിശ്വാസ്യതയും യാത്രാസുഖവും സൗകര്യവുമൊക്കെ ‘ഗ്രാസ്യ’യ്ക്കു മുതൽക്കൂട്ടാവും.