മെയ്ഡ് ഇൻ ഇന്ത്യ ജീപ്പ് കോംപസ് രാജ്യാന്തര വിപണിയിലേക്ക്

Jeep Compass

അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പിന്റെ കോംപാക്റ്റ് എസ്‌യുവി കോംപസ് കടൽ കടക്കുന്നു. ഇന്ത്യൻ നിർമിക്കുന്ന ജീപ്പ് കോംപസിന്റെ 600 യുണിറ്റുകളാണ് ഓസ്ട്രേലിയൻ വിപണിയിലേയ്ക്കും ജാപ്പനീസ് വിപണിയിലേയ്ക്കും ഫീയറ്റ് ഇന്ത്യ ഇപ്പോൾ കയറ്റി അയച്ചിരിക്കുന്നത്. ഇന്ത്യയെ റൈറ്റ് ഹാൻഡ് ഡ്രൈവ് കോംപസിന്റെ പ്രൊഡക്ഷൻ ഹബ്ബാക്കാൻ ഫീയറ്റ് നേരത്തെ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് കോംപസിന്റെ കയറ്റുമതി ആരംഭിച്ചിരിക്കുന്നത്.

Jeep Compass

ഇന്ത്യയെ കൂടാതെ മെക്സിക്കോ, ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങളിലാണ് ജീപ്പ് കോംപസിന്റെ നിർമ്മിക്കുന്നത്. ജീപ്പിന്റെ ആദ്യ ഇന്ത്യൻ നിർ‌മിത വാഹനം ജീപ്പ് കോംപസ് ജൂലൈ 31നാണ് പുറത്തിറങ്ങുന്നത്. മികച്ച പ്രതീകരണമാണ് കോംപസിന് ലഭിച്ചത്.

പെട്രോൾ ഡീസൽ മോഡലുകളുള്ള ജീപ്പിന്റെ 2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എൻജിൻ 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 1.4 ലീറ്റര്‍ പെട്രോള്‍ എൻജിൻ 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്‍കുന്നുണ്ട്. ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കിലോമീറ്റർ മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എന്‍ജിനുകള്‍ക്കുമൊപ്പം ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്.