വൈദ്യുത കാർ നിർമാണത്തിനു മാരുതി സുസുക്കിയും

വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ വൈദ്യുത കാർ വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുമെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. എന്നാൽ വൈദ്യുത കാറുകളുടെ ഉൽപ്പാദനം ആരംഭിക്കാൻ കമ്പനി സമയക്രമമൊന്നും പ്രഖ്യാപിച്ചിട്ടില്ല. വൈദ്യുത വാഹന വ്യാപനത്തിനായി കേന്ദ്ര സർക്കാർ കൃത്യമായ മാർഗരേഖ പ്രഖ്യാപിച്ചിട്ടില്ലെന്നു മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവ അഭിപ്രായപ്പെട്ടു. 2030 മുതൽ രാജ്യത്ത് വൈദ്യുത വാഹനങ്ങൾ മാത്രം വിൽക്കുകയെന്ന സർക്കാർ നിർദേശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ ലക്ഷ്യം എങ്ങനെ കൈവരിക്കുമെന്നതു സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. 

വൈദ്യുത കാറുകൾ നിർമിക്കാൻ മാരുതി സുസുക്കിക്കു പദ്ധതിയുണ്ട് എന്നതിൽ തർക്കമില്ല. എന്നാൽ ഇവയുടെ ഉൽപ്പാദനം എപ്പോൾ ആരംഭിക്കുമെന്നത് ഇപ്പോൾ വെളിപ്പെടുത്താനാവാത്ത സ്ഥിതിയാണ്. വൈദ്യുത വാഹന വികസനം സംബന്ധിച്ച നടപടികൾ പുരോഗതിയിലാണെന്നും ഭാർഗവ സ്ഥിരീകരിച്ചു.വൈദ്യുത കാറുകളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന പുത്തൻ വാഹനനയം സംബന്ധിച്ച കരട് വർഷാവസാനത്തോടെ പുറത്തെത്തുമെന്നാണു പ്രതീക്ഷ. മുമ്പ് സങ്കര ഇന്ധന, വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്ന നയത്തിനു പകരമാണു വൈദ്യുത വാഹനങ്ങളോടു മാത്രം ആഭിമുഖ്യം കാട്ടുന്ന പുത്തൻ നയം എത്തുന്നത്.

നിലവിൽ വൈദ്യുത കാറുകൾക്കു നാമമാത്ര വിൽപ്പനയാണു രാജ്യത്തുള്ളത്; ബാറ്ററികൾക്ക് ഉയർന്ന വിലയായതിനാൽ ഇത്തരം കാറുകളുടെ വിലയും വില ഉയർന്ന തലത്തിലാണ് എന്നതാണു പ്രധാന പ്രശ്നം. രണ്ടര ലക്ഷം രൂപ മുതൽ കാറുകൾ ലഭിക്കുന്ന രാജ്യത്ത് വൈദ്യുത കാറുകൾക്കായി ഉയർന്ന വില നൽകാൻ അധികമാരും തയാറല്ലെന്ന വെല്ലുവിളിയുമുണ്ട്.  ചാർജിങ് സ്റ്റേഷനുകൾ ആവശ്യത്തിനില്ലെന്നതാണു വൈദ്യുത കാറുകളുടെ വിൽപ്പന നേരിടുന്ന മറ്റൊരു വെല്ലുവിളി. 

മാരുതിയുടെ മാതൃസ്ഥാപനമായ സുസുക്കിക്ക് വൈദ്യുത വാഹന സാങ്കേതിവിദ്യയുണ്ട്. പോരെങ്കിൽ വൈദ്യുത വാഹന സാങ്കേതികവിദ്യ വികസിപ്പിക്കാൻ സുസുക്കിയും ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷനുമായി സഖ്യസാധ്യത ചർച്ച ചെയ്യുന്നുമുണ്ട്. വൈദ്യുത വാഹന സാങ്കേതികവിദ്യയ്ക്കു പുറമെ സങ്കര ഇന്ധന സാങ്കേതികവിദ്യയും പങ്കുവയ്ക്കാനാണ് ഇരുകമ്പനികളുടെയും ആലോചന.