ജീപ്പ് കോംപസിനും മഹീന്ദ്ര എക്സ്‌യുവിക്കും ഭീഷണിയുമായി കിക്സ്

Nissan Kicks

എസ്‍‌യുവി സെഗ്്മെന്റിൽ തരംഗങ്ങൾ സൃഷ്ടിക്കാൻ നിസാൻ കിക്സ് എത്തുന്നു. അടുത്ത വർഷം കിക്സ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ജീപ്പ് കോംപസ്, ഹ്യുണ്ടേയ് ക്രേറ്റ, മഹീന്ദ്ര എക്സ് യു വി 500 തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനെത്തുന്ന കിക്സ് റെനൊയുടെ എംഒ പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നത്.

Nissan Kicks

റെനൊ ക്യാപ്ച്ചറിന് അടിത്തറയാകുന്ന പ്ലാറ്റ്ഫോമാണ് എംഒ. എന്നാൽ പ്ലാറ്റ്ഫോമിന് ഉപരിയായി കൂടുതൽ ഭാഗങ്ങളൊന്നും ക്യാപ്ച്ചറിൽ നിന്ന് കടം കൊള്ളുന്നില്ലെന്നും കമ്പനി പറയുന്നു. ബ്രസീല്‍ വിപണിയിൽ പുറത്തിറക്കി വിജയം കണ്ട കിക്സിന് ഇന്ത്യയിലും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. റെനൊ ലോഡ്ജി, ഡസ്റ്റർ എന്നീ വാഹനങ്ങളിലും എംഒ പ്ലാറ്റ്ഫോം തന്നെയാണ് ഉപയോഗിക്കുന്നത്.

Nissan Kicks

ബ്രസീലിയൻ വിപണിയെ ലക്ഷ്യം വെച്ച് കിക്സ് എന്ന് പേരിട്ടിരിക്കുന്ന കോംപാക്റ്റ് എസ് യു വിയുടെ കൺസെപ്റ്റ് 2014 സാവോപോളോ ഇന്റർനാഷണൽ മോട്ടോർഷോയിലാണ് ആദ്യമായി പ്രദർശിപ്പിക്കുന്നത്. കൺസെപ്റ്റ് മോ‍ഡലിന്റെ പ്രൊഡക്‌ഷൻ പതിപ്പ് കഴിഞ്ഞ വർഷമാണു ബ്രസീല്‍ വിപണിയിലെത്തിയത്.

Nissan Kicks

പെട്രോൾ, ഡീസൽ എൻജിനുള്ള കാറിന്റെ പെട്രോൾ പതിപ്പിന് 1.6 ലിറ്റർ എൻജിനും ഡീസൽ പതിപ്പിന് 1.5 ലിറ്റർ എൻജിനുമാകും ഉണ്ടാകുക. ഹ്യുണ്ടായ് ക്രേറ്റ, റെനോ ഡസ്റ്റർ, മാരുതി എസ് ക്രോസ് തുടങ്ങിയ കോംപാക്റ്റ് എസ് യു വികളുമായി മത്സരിക്കാനെത്തുന്ന വാഹനത്തിന് ഓട്ടമാറ്റിക് വകഭേദവുമുണ്ടാകും. 210 കോടി മുതൽമുടക്കി നിസാൻ നിർമിക്കുന്ന എസ് യു വിയാണ് കിക്സ്. തുടക്കത്തിൽ മെക്സിക്കോയിലും, ബ്രസിലിലുമാണ് കിക്സ് നിർമിക്കുന്നത്. പത്തു മുതൽ 15 ലക്ഷം രൂപ വരെയാണു വില പ്രതീക്ഷിക്കുന്നത്.