സൂപ്പർ ഹിറ്റായി ‘ടിയാഗൊ’ ഉൽപാദനം ആദ്യ ലക്ഷം പിന്നിട്ടു

Tata Tiago

ടാറ്റ മോട്ടോഴ്സിന്റെ ഹാച്ച്ബാക്കായ ‘ടിയാഗൊ’യുടെ ഉൽപാദനം ആദ്യ ലക്ഷം പിന്നിട്ടു. ഗുജറാത്തിലെ സാനന്ദ് ശാലയിൽ നിന്നാണ് ടാറ്റ മോട്ടോഴ്സ് ‘ടിയാഗൊ’ പുറത്തിറക്കുന്നത്. 2016 ഏപ്രിൽ ആറിനു നിരത്തിലെത്തിയ കാർ 19 മാസത്തിനുള്ളിലാണ് ആദ്യ ലക്ഷം പൂർത്തിയാക്കിയത്. നിരത്തിലെത്തി ആദ്യ നാലു മാസത്തിനകം ‘ടിയാഗൊ’യ്ക്ക് മുപ്പതിനായിരത്തിലേറെ ബുക്കിങ്ങുകൾ സ്വന്തമാക്കാൻ ടാറ്റ മോട്ടോഴ്സിനു സാധിച്ചു.  ബുക്ക് ചെയ്തവർക്കു കാർ ലഭിക്കാനാവട്ടെ മൂന്നു മുതൽ നാലു മാസം വരെ കാത്തിരിക്കേണ്ട സ്ഥിതിയുമായിരുന്നു. ഇതോടെ സാനന്ദിലെ ശാലയിൽ രണ്ടാം ഷിഫ്റ്റും പ്രവർത്തനം തുടങ്ങിയാണു ടാറ്റ മോട്ടോഴ്സ് ‘ടിയാഗൊ’ ലഭ്യത മെച്ചപ്പെടുത്തിയത്. 

തുടർന്നു കഴിഞ്ഞ മാസം വരെ ‘ടിയാഗൊ’യുടെ രാജ്യത്തെ മൊത്തം വിൽപ്പന 93,299 യൂണിറ്റാണ്. ഇതിൽ 77,086 കാറുകൾ പെട്രോൾ എൻജിനുള്ളവയും 16,123 എണ്ണ ഡീസൽ എൻജിനുള്ളവയുമാണ്. അതായത് മൊത്തം ‘ടിയാഗൊ’ വിൽപ്പനയിൽ 83 ശതമാനവും പെട്രോൾ മോഡലിന്റെ സംഭാവനയാണ്.‘ടിയാഗൊ’യുടെ ചിറകിലേറി യാത്രാവാഹന വിഭാഗത്തിലെ വിപണി വിഹിതം മെച്ചപ്പെടുത്താനും ടാറ്റ മോട്ടോഴ്സിനു സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ  — സെപ്റ്റംബർ കാലത്തെ കണക്കനുസരിച്ച് 6.11% ആണു ടാറ്റ മോട്ടോഴ്സിന്റെ വിപണി വിഹിതം; 2016 ഏപ്രിൽ — സെപ്റ്റംബർ കാലത്തെ വിപണി വിഹിതമാവട്ടെ 5.6% ആയിരുന്നു. 

അഞ്ചു വകഭേദങ്ങളിലാണു ‘ടിയാഗൊ’ വിൽപ്പനയ്ക്കുള്ളത്; ഡൽഹി  ഷോറൂമിൽ 3.21 ലക്ഷം രൂപ മുതൽ 5.58 ലക്ഷം രൂപ വരെയാണു കാറിനു  വില. പരമാവധി 85 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന 1.2 ലീറ്റർ പെട്രോൾ, 70 എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന 1.05 ലീറ്റർ ഡീസൽ എൻജിനുകളാണു കാറിലുള്ളത്. അഞ്ചു സ്പീഡ് മാനുവൽ, ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുകളാണ് ‘ടിയാഗൊ’യിൽ ലഭ്യമാവുന്നത്. പെട്രോൾ ലീറ്ററിന് 23.48 കിലോമീറ്ററും ഡീസൽ ലീറ്ററിന് 27.28 കിലോമീറ്ററുമാണ് ‘ടിയാഗൊ’യ്ക്കു ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.