ചൈന അതിര്‍ത്തിക്ക് സമീപം തകര്‍ന്നു വീഴുന്ന ഇന്ത്യന്‍ വ്യോമസേന ഹെലികോപ്റ്റര്‍, വിഡിയോ പുറത്ത്

Mi-17 Crash

അരുണാചല്‍പ്രദേശില്‍ ചൈനയുടെ അതിര്‍ത്തിയോടു ചേര്‍ന്ന തവാങ്ങിനു സമീപം തകര്‍ന്നുവീണ വ്യോമസേന ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഏഴു പേരുടെ മരണത്തിന് ഇടയാക്കിയ വ്യോമസേന ഹെലികോപ്റ്റര്‍ അപകടത്തിന്റെ വ്യക്തമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒക്ടോബര്‍ 6ന് പുലര്‍ച്ചെയായിരുന്നു അപകടം. വ്യോമസേനയുടെ എംഐ17 ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. 

പാരച്ച്യൂട്ടില്‍ മണ്ണെണ്ണ കന്നാസുകള്‍ ഘടിപ്പിച്ച് യാങ്‌സ്റ്റെയിലെ പട്ടാള ക്യാമ്പിലേക്ക് ഇടുമ്പോഴാണ് അപകടം ഉണ്ടായത്. താഴേക്ക് എറിഞ്ഞ ഒരു മണ്ണെണ്ണ കന്നാസ് ഹെലികോപ്റ്ററിന്റെ പുറകില്‍ വന്നിടിച്ചതാണ് അപകട കാരണം എന്ന് വിഡിയോയില്‍ വ്യക്തമാണ്. 

രണ്ടു പൈലറ്റുമാരടക്കം അഞ്ചു വ്യോമസേനാ ഉദ്യോഗസ്ഥരും രണ്ടു കരസേനാ ഉദ്യോഗസ്ഥരുമാണു കോപ്റ്ററിലുണ്ടായിരുന്നത്. തവാങ് പട്ടണത്തോടു ചേര്‍ന്ന ഖിര്‍മു ഹെലിപാഡില്‍നിന്നു പുറപ്പെട്ട റഷ്യന്‍ നിര്‍മിത എംഐ17 വി 5 സൈനിക ഹെലികോപ്റ്റര്‍, സമുദ്രനിരപ്പില്‍നിന്നു 17,000 അടി ഉയരത്തില്‍ പര്‍വതപ്രദേശത്തെ കരസേനാ ക്യാംപിലേക്കു പോകുകയായിരുന്നു.

 ഇന്ത്യന്‍ സേനയുടെ വിശ്വസ്തന്‍ എംഐ 17

എക്കാലത്തും ഇന്ത്യന്‍ സേനയുടെ വിശ്വസ്തനായ ഹെലികോപ്റ്ററാണ് റഷ്യന്‍ നിര്‍മിത എംഐ-17. കാര്‍ഗില്‍ യുദ്ധത്തിലും, നിയന്ത്രണരേഖ കടന്നു പാക്ക് അധീന കശ്മീരില്‍ (പിഒകെ) ഭീകരരുടെ ഇടത്താവളങ്ങളില്‍ ആക്രമണം നടത്താന്‍ കമാന്‍ഡോകളെ ഏറെ സഹായിച്ചതും എംഐ-17 ഹെലികോപ്റ്ററുകളായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹെലികോപ്റ്ററുകളിലൊന്നാണ് എംഐ-17. ആയുധക്കടത്ത്, എസ്‌കോര്‍ട്ട്, പെട്രോളിങ്, തിരച്ചിലും രക്ഷപ്പെടുത്തലും, തീയണക്കല്‍ എന്നീ ദൗത്യങ്ങള്‍ക്കും എംഐ-17 ഉപയോഗിക്കുന്നു. റഷ്യയില്‍ നിന്ന് 48 എംഐ-17 ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങിയത്. മ്യാന്‍മറില്‍ കടന്നു ഭീകരരെ വധിക്കാന്‍ സേനയെ സഹായിച്ചതും എംഐ-17 ഹെലികോപ്റ്ററുകളായിരുന്നു.

എംഐ-17 ആദ്യമായി പുറത്തിറങ്ങുന്നത് 1975 ലാണ്. റഷ്യക്ക് പുറമെ അറുപതോളം രാജ്യങ്ങള്‍ ഈ ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നു. ഏകദേശം 12,000 എംഐ-17 കോപ്റ്ററുകള്‍ ഇതിനകം പുറത്തിറങ്ങി കഴിഞ്ഞു. 18 മീറ്റര്‍ നീളമുള്ള എംഐ-17 ന്റെ ചിറകിന്റെ നീളം 21 മീറ്ററാണ്. ടര്‍ബോഷാഫ്റ്റ് എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 

മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ പറന്ന് ഏകദേശം 1065 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ ഹെലികോപ്റ്ററിന് കഴിയും. ശത്രുക്കളുടെ കണ്ണുവെട്ടിച്ച് താഴ്ന്നുപറക്കാന്‍ കഴിയുന്ന ഈ കോപ്റ്ററില്‍ നിന്ന് കമാന്‍ഡോകള്‍ക്ക് പാരച്യൂട്ട് വഴി ഇറങ്ങി ലക്ഷ്യസ്ഥാനത്ത് എത്താം. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ പറന്ന് ഏകദേശം 1065 കിലോമീറ്റര്‍ വരെ സഞ്ചരിച്ച് ആക്രമണം നടത്താന്‍ കഴിയും. താഴ്ന്നു പറക്കുന്നതു പോലെ ഏകദേശം 20,000 അടിവരെ ഉയരത്തിലും പറക്കാന്‍ കഴിയും. 

സൈനികരെ എത്തിക്കാനും ചരക്കു കടത്തിനും എംഐ-17 ഉപയോഗിക്കുന്നു. യന്ത്രത്തോക്കുകള്‍, മിസൈലുകള്‍, റോക്കറ്റുകള്‍ തുടങ്ങി ആയുധങ്ങള്‍ ഉപയോഗിച്ച് എംഐ-17 കോപ്റ്ററില്‍ നിന്നു ആക്രമണം നടത്താനാകും.