ടാറ്റ മോട്ടോഴ്സ്: വി ആർ എസ് സ്വീകരിച്ചത് 300 പേർ

രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സ്വയം വിരമിക്കൽ പദ്ധതി(വി ആർ എസ്) സ്വീകരിച്ചു കമ്പനി വിട്ടത് 300 ജീവനക്കാർ മാത്രം. വി ആർ എസ് പ്രഖ്യാപിച്ച പിന്നാലെ 1,500 പേർ ടാറ്റ മോട്ടോഴ്സ് വിട്ടെന്നായിരുന്നു നേരത്തെ പ്രചരിച്ച കണക്കുകൾ. കമ്പനി ഏറ്റെടുത്ത വിപുലമായ പുനഃസംഘടന നടപടികളുടെ ഭാഗമായിട്ടാണു കഴിഞ്ഞ വർഷം ടാറ്റ മോട്ടോഴ്സ് വി ആർ എസ് പ്രഖ്യാപിച്ചത്. പുതിയ സംവിധാനത്തിൽ അനുയോജ്യമായ അവസരങ്ങളില്ലെന്ന തിരിച്ചറിവിൽ രണ്ടു ശതമാനം ജീവനക്കാർ മാത്രമാണു വി ആർ എസ് സ്വീകരിച്ചതെന്നാണു ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കുന്നത്.

പ്രത്യേക വിഭാഗം ജീവനക്കാരെ ലക്ഷ്യമിട്ടു നടത്തിയ നടപടിയായിരുന്നില്ല വി ആർ എസ് എന്ന് ടാറ്റ മോട്ടോഴ്സ് ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫിസർ ഗജേന്ദ്ര എസ് ചന്ദേൽ വിശദീകരിക്കുന്നു. കമ്പനിയെ പുനഃസംഘടിപ്പിക്കാനും പുനഃക്രമീകരിക്കാനും പുനഃരുജ്ജീവിപ്പിക്കാനും സ്വീകരിച്ച നടപടികളുടെ തുടർച്ച മാത്രമായിരുന്നു വി ആർ എസ്. പുതിയ നടപടികളുടെ ഫലമായി ആകെയുള്ള ജീവനക്കാരിൽ രണ്ടു ശതമാനത്തോളം പേർക്കു മാത്രമാണു യോജിച്ച തസ്തികകൾ കണ്ടെത്താനാവാതെ പോയത്. അതുകൊണ്ടുതന്നെ ടാറ്റ മോട്ടോഴ്സിലെ 13,000 ജീവനക്കാരിൽ 300 പേർ മാത്രമാണു വി ആർ എസ് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മേൽനോട്ടത്തിനുള്ള റിപ്പോർട്ടിങ് ലവലുകൾ കുറവുള്ള പുതിയ സംവിധാനമാണ് ടാറ്റ മോട്ടോഴ്സ് നിലവിൽ പിന്തുടരുന്നത്; നേരത്തെ 14 തലങ്ങളുണ്ടായിരുന്നത് കമ്പനി ആറാക്കി കുറച്ചു. ഉൽപ്പാദനക്ഷമതയേറിയ തൊഴിൽ അന്തരീക്ഷം യാഥാർഥ്യമാക്കാൻ മുമ്പത്തെ സ്ഥാനപ്പേരുകൾ പലതും കമ്പനി ഉപേക്ഷിക്കുകയും ചെയ്തു.അധികമെന്നു കണ്ടെത്തിയ ജീവനക്കാരെ ലോജിസ്റ്റിക്സ്, സർവീസസ് മാനേജ്മെന്റ്, ഫസിലിറ്റി മാനേജ്മെന്റ് സേവനങ്ങൾ ലഭ്യമാക്കുന്ന കമ്പനികളിലേക്കു മാറ്റാനും ടാറ്റ മോട്ടോഴ്സിനായി. ഇത്തരം സ്ഥാനചലനങ്ങളിലൂടെ ഒഴിവുവന്ന തസ്തികകൾ പലതും കമ്പനി നിർത്തലാക്കിയെന്നും ചന്ദേൽ വെളിപ്പെടുത്തുന്നു. 

രാജ്യത്തെ വാഹനവ്യവസായ മേഖലയിൽ ഏറ്റവുമധികം ജീവനക്കാരുള്ള കമ്പനിയായിരുന്നു ടാറ്റ മോട്ടോഴ്്സ്; പോരെങ്കിൽ ടാറ്റ മോട്ടോഴ്സ് ജീവനക്കാരുടെ ശരാശരി പ്രായമായ 39 — 40 വയസ്സും എതിരാളികളായ മാരുതി സുസുക്കിയെയും ഹ്യുണ്ടേയ് മോട്ടോഴ്സിനെയുമൊക്കെ അപേക്ഷിച്ച് കൂടുതലാണ്.