2020നു ശേഷം എഫ് വൺ വിടുമെന്നു ഫെറാരി

Ferrari

ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ നിന്നു പിൻമാറാൻ മുൻനിര ടീമായ ഫെറാരി ആലോചിക്കുന്നു. ടീമിന്റെ താൽപര്യങ്ങൾക്കു വിരുദ്ധമായ നിലപാടുമായി പുതിയ ഉടമകളായ ലിബർട്ടി മീഡിയ മുന്നോട്ടു പോയാൽ 2020 സീസണു ശേഷം എഫ് വൺ ഉപേക്ഷിക്കുമെന്നാണു ഫെറാരി ചെയർമാൻ സെർജിയൊ മാർക്കിയോണിയുടെ ഭീഷണി. ഫോർമുല വണ്ണിലെ ചെലവ് ചുരുക്കൽ നടപടികളോട് യോജിപ്പാണെന്നു മാർക്കിയോണി വ്യക്തമാക്കി. എന്നാൽ മറ്റു പല തന്ത്രപരമായ വിഷയങ്ങളിലുമുള്ള വിയോജിപ്പ് പരിഗണിക്കുമ്പോൾ മറ്റു മേഖലകളിലെ റേസിങ്ങിൽ പങ്കെടുക്കാൻ ഫെറാരി നിർബന്ധിതരാവുമെന്നും അദ്ദേഹം മുന്നിറയിപ്പ് നൽകി.

പ്രവർത്തനം തുടങ്ങിയപ്പോൾ മുതൽ ഫെറാരിയുടെ ജനിതകഘടനയിൽ ഫോർമുല വൺ ഇടംപിടിച്ചതാണെന്നും മാർക്കിയോണി ഓർമിപ്പിച്ചു. എങ്കിലും വേറിട്ട വ്യക്തിത്വം നഷ്ടമാവുന്ന സാഹചര്യം വന്നാൽ പിന്നെ അതിൽ തുടരുന്നതിൽ അർഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫെറാരിയെ ഫോർമുല വണ്ണിൽ നിന്നു പിൻവലിച്ച ചീഫ് എക്സിക്യൂട്ടീവ് എന്ന ആക്ഷേപത്തിൽ ഭയക്കുന്നില്ലെന്നും മാർക്കിയോണി തുറന്നടിച്ചു. ഫോർമുല വൺ സൃഷ്ടിക്കുന്ന വിടവിനു ബദൽ സംവിധാനം കണ്ടെത്താൻ താൻ തയാറാണ്. ന്യായയുക്തമായ ബദൽ കണ്ടെത്താൻ കഴിയുമെന്ന ആത്മവിശ്വാസവും മാർക്കിയോണി പ്രകടിപ്പിച്ചു. 

ഫോർമുല വൺ ആരംഭിച്ച 1950 സീസൺ മുതൽ ട്രാക്കിലുള്ള ഏക ടീമെന്നതാണു ഫെറാരിയുടെ പെരുമ. 2008 മുതൽ ചാംപ്യൻഷിപ് നേട്ടം വിട്ടുനിൽക്കുമ്പോഴും ഫോർമുല വൺ ചരിത്രത്തിൽ തന്നെ ഏറ്റവും വിജയങ്ങൾ കൊയ്തു കൂട്ടിയ ടീമാണു ഫെറാരി; എഫ് വൺ ഗ്രിഡിലുള്ള ഏറ്റവും തിളക്കമാർന്ന ടീമും ഫെറാരി തന്നെ. നിർമാതാക്കൾക്കുള്ള 16 ചാംപ്യൻഷിപ്പും 15 ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പുമടക്കം മൊത്തം 228 ജയങ്ങളാണു ഫെറാരിയുടെ പേരിലുള്ളത്. ഫെറാരിയും മൊനാക്കോ ഗ്രാൻപ്രിയുമാണു ഫോർമുല വൺ കൈവരിച്ച ജനപ്രീതീക്ക് അടിത്തറയെന്ന വിശ്വാസവും പ്രബലമാണ്. 

എന്നാൽ കഴിഞ്ഞ ജനുവരിയോടെ ബെർണി എക്ൽസ്റ്റണെ പുറത്താക്കി യു എസിലെ ലിബർട്ടി മീഡിയ ഫോർമുല വണ്ണിന്റെ വാണിജ്യാവകാശം സ്വന്തമാക്കിയതോടെയാണു കാര്യങ്ങൾ മാറി മറിയുന്ന നിലവന്നത്. 2020ൽ നിലവിലുള്ള കരാർ അവസാനിക്കുന്നതോടെ എഫ് വൺ വരുമാനം വീതംവയ്ക്കുന്ന രീതി പരിഷ്കരിക്കാനും ടീമുകൾക്ക് തുല്യ അവസരം ലഭ്യമാക്കാനുമൊക്കെയാണു ലിബർട്ടി മീഡിയയുടെ മോഹം. ഫെറാരി പോലുള്ള മുൻനിര ടീമുകളെ ചൊടിപ്പിക്കുന്നതും ഇതേ നിലപാട് മാറ്റം തന്നെ.