Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെറാരിയുടെ എസ് യു വി അടുത്ത വർഷം

ferrari

വൈദ്യുത വാഹന വിപണിയിൽ ശക്തമായ സാന്നിധ്യമാവാൻ ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ഫെരാരിയും എത്തുന്നു. ബാറ്ററിയിൽ നിന്ന് ഊർജം കണ്ടെത്തുന്ന സൂപ്പർ കാർ അവതരിപ്പിച്ചു യു എസിൽ നിന്നുള്ള ടെസ്ലയെ വെല്ലുവിളിക്കുമെന്നാണു കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സെർജിയൊ മാർക്കിയോണിയുടെ പ്രഖ്യാപനം. 

ഇറ്റാലിയൻ രൂപകൽപ്പനയുടെയും അതിവേഗ റോഡ്സ്റ്ററുകളുടെയും ബ്രാൻഡ് എന്ന സവിശേഷത കൈമോശം വരാതെ വിൽപ്പന ഉയർത്താനുള്ള തീവ്രശ്രമമാണു ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസി(എഫ് സി എ)ൽ നിന്നു രൂപമെടുത്ത റേസ് കാർ നിർമാണ വിഭാഗമായ ഫെറാരി നടത്തുന്നത്. ഫെറാരിയിൽ നിന്നുള്ള ആദ്യ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)വും അടുത്ത വർഷം അവസാനത്തോടെ നിരത്തിലെത്തുമെന്നായിരുന്നു ഫെറാരിക്കൊപ്പം എഫ് സി എയുടെയും മേധാവിയായ മാർക്കിയോണിയുടെ വാഗ്ദാനം. വിപണിയിലെ ഏറ്റവും വേഗമേറിയ എസ് യു വിയാകും അടുത്ത വർഷം അവസാനമോ 2020ലോ വിൽപ്പനയ്ക്കെത്തുകയെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതുപോലെ ആദ്യ വൈദ്യുത സൂപ്പർ കാറിന്റെ നിർമാതാക്കളും ഫെറാരി തന്നെയാവുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സൂപ്പർ കാർ അവതരിപ്പിച്ചപ്പോൾ ടെസ്ല എല്ലാവരെയും അത്ഭുതപ്പെടുത്തി. എലോൺ മസ്കിന്റെ നേട്ടം കുറച്ചു കാണുന്നില്ലെന്നതും ഇത് എല്ലാവരെക്കൊണ്ടും സാധിക്കുമെന്നുമായിരുന്നു മാർക്കിയോണിയുടെ നിലപാട്.

ബാറ്ററിയിൽ ഓടുന്ന ഫെറാരിയിലൂടെ വിൽപ്പന വർധിപ്പിക്കുന്നതിനൊപ്പം വാഹനലോകത്തിന്റെ ശ്രദ്ധയും കവരാനാവുമെന്നതാണു മാർക്കിയോണി(65)യെ ഈ രംഗത്തേക്ക് ആകർഷിക്കുന്നത്. ടെസ്ല ‘റോഡ്സറ്ററി’ലൂടെയും ‘മോഡൽ എസി’ലൂടെയും എലോൺ മസ്കാണ് നിലവിൽ ആഡംബര വൈദ്യുത കാർ വിപണി അടക്കിവാഴുന്നത്. 

ഇതല്ലാതെ മറ്റു മാർഗമില്ലെന്ന സാഹചര്യത്തിലാണ് ഈ മേഖലയിലേക്കു ശ്രദ്ധയൂന്നുന്നതെന്നാണു മാർക്കിയോണിയുടെ പക്ഷം. ഇക്കൊല്ലം പുറത്തിറക്കുന്ന ഫെറാരിയുടെ വാർഷിക പദ്ധതിയിൽ സങ്കര ഇന്ധന മോഡലുകൾ ഇടംപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അവിടെ നിന്നു വൈദ്യുത വിഭാഗത്തിലേക്കുള്ള മുന്നേറ്റം എളുപ്പമാവുമെന്നാണു മാർക്കിയോണിയുടെ കണക്കുകൂട്ടൽ.