ഒറ്റ ചാർജിൽ 402 കിലോമീറ്റർ, ദുബായിൽ ചരിത്രം കുറിക്കാൻ സോ 40

Renault Zoe 40

ഫ്രഞ്ച് നിർമാതാക്കളായ റെനോയുട വൈദ്യുത കാറായ ‘സോ 40’ ദുബായിൽ വിൽപ്പനയ്ക്കെത്തി;  ദുബായിൽ ഏകദേശം 18.50 ലക്ഷം രൂപയാണ് ‘സോ 2018’ കാറിന് വില.യു എ ഇയിലെ വൈദ്യുത കാർ വിപ്ലവത്തിൽ സജീവ സാന്നിധ്യം ഉറപ്പിക്കാനാണു ‘സോ’യുമായി റെനോ കളത്തിലിറങ്ങഉന്നത്. അടുത്തയിടെ റെനോ നിരത്തിലെത്തിച്ച വൈദ്യുത വാഹനങ്ങളിൽ ഏറ്റവും വിജയം വരിച്ച മോഡലാണ് ഒറ്റത്തവണ ചാർജ് ചെയ്താൽ 250 മൈൽ(ഏകദേശം 402.34 കിലോമീറ്റർ) വരെ ഓടുന്ന ‘സോ’. പോരെങ്കിൽ വൈദ്യുത കാർ വികസനത്തിൽ കമ്പനിക്കുള്ള വൈദഗ്ധ്യവും അനുഭവസമ്പത്തും തെളിയിക്കാനും ‘സോ 40’ കാറിലെ ബാറ്ററിയിലൂടെ റെനോയ്ക്കു സാധിച്ചിട്ടുണ്ട്.

ഇതുവരെ സ്പെയിനായിരുന്നു ‘സോ’യുടെ പ്രധാന വിപണി; അയ്യായിരത്തോളം കാറുകളാണ് റെനോ ഇവിടെ വിറ്റത്. പോരെങ്കിൽ സ്പെയിനിലെ വൈദ്യുത വാഹന വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്താനും ‘സോ’യ്ക്കു സാധിച്ചിട്ടുണ്ട്. സ്ഥലസൗകര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നതാണു ‘സോ’യുടെ രൂപകൽപ്പനയിലെ പ്രധാന സവിശേഷത; അഞ്ചു യാത്രക്കാർക്കും 338 ലീറ്റർ ബൂട്ട് സ്പേസുമാണു കാറിൽ റെനോ വാഗ്ദാനം ചെയ്യുന്നത്. ഒപ്പം വൈദ്യുത വാഹനത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത സംവിധാനങ്ങളും അക്സസറികളും റെനോ ‘സോ’യ്ക്കൊപ്പം ലഭ്യമാക്കുന്നുണ്ട്. കൂടാതെ ബാറ്ററി ചാർജ് ചെയ്യുന്നതിൽ ഏറ്റവും കാര്യക്ഷമതയുള്ള ചമേലിൻ ചാർജർ യൂണിറ്റാണു ‘സോ’യുടെ കൂടെയുള്ളത്. ഒന്നു മുതൽ നാലു മണിക്കൂറിൽ ബാറ്ററി ചാർജ് ചെയ്യാൻ ഈ സംവിധാനത്തിനാവും. അതുപോലെ ‘സോ’യുടെ ടയറുകൾ മിഷ്ലിൻ പ്രത്യേകമായി രൂപകൽപ്പന ചെയ്തതാണ്.

ചാർജിങ് പുരോഗമിക്കുമ്പോൾ തന്നെ ഹീറ്ററോ എയർ കണ്ടീഷനറോ പ്രവർത്തിപ്പിച്ചു കാറിനുള്ളിലെ താപനില ക്രമീകരിക്കാൻ സഹായിക്കുന്ന പ്രീ കൂളിങ് സിസ്റ്റവും കാറിലുണ്ട്; ഒപ്പം ഊർജ ഉപയോഗം ക്രമീകരിക്കുന്ന ഇകോ മോഡും സഹിതമാണു ‘സോ’ എത്തുന്നത്. ‘സോ’യുടെ അടിസ്ഥാന വകഭേദത്തിൽ ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ. കൂടാതെ മഴയും പ്രകാശലഭ്യതയുമൊക്കെ തിരിച്ചറിയുന്ന സെൻസറുകളും കാറിലുണ്ട്.

നാലു വർഷ വാറന്റിയോടെയാണു റെനോ ‘സോ’ വിൽക്കുന്നത്. സാധാരണ ഉപയോഗത്തിൽ വേനൽക്കാലത്ത് 186 മൈൽ(299.34 കിലോമീറ്റർ) വരെയും ശൈത്യകാലത്ത് 124 മൈൽ(199.56 കിലോമീറ്റർ) വരെയുമാണു കാറിന് നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന സഞ്ചാരശേഷി(റേഞ്ച്).