യമഹയ്ക്ക് ഇനി പ്രീമിയം ബൈക്കും സ്കൂട്ടറും മാത്രം

ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലെ കമ്യൂട്ടർ വിഭാഗത്തിൽ അങ്കം തുടരുന്നതിൽ അർഥമില്ലെന്ന തിരിച്ചറിവിലാണ് ജാപ്പനീസ് നിർമാതാക്കളായ യമഹ. പകരം ഇന്ത്യൻ വിപണിയിൽ പ്രീമിയം ബൈക്കുകളിലും സ്കൂട്ടറുകളിലുമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണു യമഹയുടെ തീരുമാനം. മുമ്പത്തെ കമ്യൂട്ടർ ബൈക്ക് പ്രേമികൾ ഗീയർരഹിത സ്കൂട്ടറുകളിലേക്കും പ്രകടനക്ഷമതയേറിയ മോട്ടോർ സൈക്കിളുകളിലേക്കും കളം മാറുകയാണെന്നും യമഹ വിലയിരുത്തുന്നു.

വിൽപ്പന മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യമഹയും കമ്യൂട്ടർ വിഭാഗത്തിൽ മുമ്പു ഭാഗ്യ പരീക്ഷണം നടത്തിയിരുന്നു. എന്നാൽ 100 — 125 സി സി എൻജിനുള്ള വിഭാഗങ്ങളിൽ കാര്യമായ ചലനമൊന്നും സൃഷ്ടിക്കാൻ കമ്പനിക്കു കഴിഞ്ഞില്ലെന്നതാണു യാഥാർഥ്യം. പോരെങ്കിൽ കഴിഞ്ഞ വർഷങ്ങൾക്കിടെ കമ്യൂട്ടർ വിഭാഗത്തിന്റെ വിൽപ്പന ഇടിയുന്നതും നിലപാടു മാറ്റത്തിനു യമഹയെ പ്രേരിപ്പിച്ചെന്നാണു സൂചന.

ഈ സാഹചര്യത്തിൽ  ശേഷിയേറിയ എൻജിൻ ഘടിപ്പിച്ച സ്കൂട്ടറുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനാണു കമ്പനി ആലോചിക്കുന്നതെന്നു ടോക്കിയോ മോട്ടോർ ഷോയ്ക്കിടെ യമഹ ആഗോള പ്രസിഡന്റ് ഹിരൊയുകി യനാഗി സൂചിപ്പിച്ചു. ഇത്തരം സ്കൂട്ടറുകൾ ഇന്ത്യയിൽ നിർമിച്ചു കയറ്റുമതി ചെയ്യാനുള്ള സാധ്യതയും യമഹ പരിശോധിക്കുന്നുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യ; മികച്ച വിൽപ്പന വളർച്ചയും ഇന്ത്യയിലുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കായി പ്രത്യേക വിപണന തന്ത്രം അനിവാര്യമാണെന്നു യനാഗി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ വ്യാപക വിൽപ്പനയുള്ള വിഭാഗത്തിൽ യമഹയ്ക്ക് കാര്യമായ സാന്നിധ്യമില്ലെന്നും അദ്ദേഹം അംഗീകരിച്ചു. അതിനാൽ പ്രീമിയം മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുത്തൻ ഉപവിഭാഗങ്ങൾ സൃഷ്ടിക്കാനാണു കമ്പനിയുടെ നീക്കം. ശേഷിയേറിയ എൻജിനുള്ള പുത്തൻ ബൈക്കുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും കയറ്റുമതി കേന്ദ്രമായി ഇന്ത്യയെ മാറ്റാനുള്ള സാധ്യത പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ 150 സി സി മോഡൽ ശ്രേണി (ആർ വൺ ഫൈവ്, എഫ് സീ, ഫേസർ) പരിഷ്കരിക്കുന്നതിനൊപ്പം 2019 മാർച്ചിനകം ‘എഫ് സീ 250’ ഇന്ത്യയിൽ അവതരിപ്പിക്കാനും യമഹ ഒരുങ്ങുന്നുണ്ടെന്നാണു സൂചന. 2020 ആകുമ്പോഴേക്ക് 300 — 400 സി സി എൻജിനുള്ള ബൈക്കുകൾ ഇന്ത്യയിൽ ലഭ്യമാക്കാനും യമഹയ്ക്ക് മോഹമുണ്ട്; ഇതിനായി പുത്തൻ പ്ലാറ്റ്ഫോംതന്നെ കമ്പനി വികസിപ്പിക്കുന്നുമുണ്ട്. ഇതിനിടയിൽ 100 — 125 സി സി വിഭാഗത്തിൽ യമഹയുടെ പുത്തൻ ബൈക്കുകൾ പ്രതീക്ഷീക്കേണ്ട. അതേസമയം മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് നിലവാരം നടപ്പാവുംമുമ്പ് യമഹ പുതിയ ചില സ്കൂട്ടറുകൾ അവതരിപ്പിച്ചേക്കും.