ബജാജ് വാഹന വില കൂട്ടി; ടി വി എസും കൂട്ടിയേക്കും

ഉൽപ്പാദന ചെലവ് ഉയർന്നതിനെ തുടർന്ന് ഇന്ത്യയിൽ വിൽക്കുന്ന ഇരുചക്രവാഹനങ്ങളുടെ വില വർധിപ്പിക്കാൻ ബജാജ് ഓട്ടോ ലിമിറ്റഡ് തീരുമാനിച്ചു. നവംബർ ഒന്നു മുതൽ പ്രാബല്യത്തോടെ വാഹനവിലയിൽ 500 രൂപയുടെ വർധനയാണു കമ്പനി നടപ്പാക്കിയത്. സെപ്റ്റംബറിൽ വില വർധിപ്പിച്ച ടി വി എസ് മോട്ടോർ കമ്പനിയും വാഹന വില വീണ്ടും ഉയർത്താൻ ഒരുങ്ങുന്നുണ്ടെന്നാണു സൂചന. ഉരുക്ക്, അലൂമിനിയം വിലകൾ കുതിച്ചതാണ് ഇപ്പോഴത്തെ വില വർധനയ്ക്കു കളമൊരുക്കിയതെന്നാണു നിർമാതാക്കളുടെ നിലപാട്. 

നവംബർ ഒന്നു മുതൽ വാഹന വില വർധിപ്പിച്ചതായി ബജാജ് ഓട്ടോ ലിമിറ്റഡ് പ്രസിഡന്റ് (മോട്ടോർ സൈക്കിൾ ബിസിനസ്) എറിക് വാസ് സ്ഥിരീകരിച്ചു. 500 രൂപയാണു ബജാജിന്റെ മോട്ടോർ സൈക്കിൾ ശ്രേണിയുടെ വിലയിൽ വർധിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. വിദേശ വിപണികളിൽ ഒക്ടോബർ ഒന്നു മുതൽ തന്നെ കമ്പനി വാഹന വില വർധിപ്പിച്ചിരുന്നു.

കടുത്ത മത്സരം നേരിടുന്ന ഇന്ത്യൻ വിപണിയിൽ ലാഭക്ഷമത പിടിച്ചു നിർത്താൻ വില വർധന അനിവാര്യമാണെന്നായിരുന്നു ടി വി എസ് മോട്ടോർ കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫിസർ സ്ഥാനമൊഴിഞ്ഞ എസ് ജി മുരളിയുടെ നിലപാട്. മിക്കവാറും 250 — 300 രൂപയുടെ വിലവർധനയാണു ടി വി എസിന്റെ മോഡലുകളെ കാത്തിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. സെപ്റ്റംബറിലും ടി വി എസിന്റെ വാഹന വിലയിൽ 250 — 300 രൂപയുടെ വർധന നടപ്പായിരുന്നു. 

ഉരുക്കിനും അലൂമിനിയത്തിനും പുറമെ ചെമ്പ്, പ്രകൃതിദത്ത റബർ എന്നിവയ്ക്കും വിലയേറിയത് നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ രാജ്യത്തെ വാഹന നിർമാതാക്കൾക്കു വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഉൽപ്പാദനചെലവിൽ നേരിട്ട വർധന ഉപയോക്താക്കളിൽ നിന്ന് ഈടാക്കാത്ത പക്ഷം ലാഭക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്നതാണു കമ്പനികൾ നേരിടുന്ന വെല്ലുവിളി. ഉൽപ്പന്ന വിലയേറിയതിനാൽ ലാഭത്തിൽ 0.50 — 0.80% ഇടിവാണു നിർമാതാക്കൾ ഭയക്കുന്നത്. അതേസമയം ഇരുചക്രവാഹന വിപണിയിൽ നേതൃസ്ഥാനത്തുള്ള ഹീറോ മോട്ടോ കോർപ് വില വർധന സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ല.