പ്രീമിയം മോഡലിനു പ്രത്യേക ഷോറൂമിനു ഹീറോയും

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനെ പോലെ പ്രീമിയം മോഡലുകൾക്കായി പ്രത്യേക വിപണന ശൃംഖല സ്ഥാപിക്കാൻ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപും ആലോചിക്കുന്നു. 150 സി സിയിലേറെ എൻജിൻ ശേഷിയുള്ള പ്രീമിയം മോഡലുകളെ ഈ പുത്തൻ വിപണന ശൃംഖല വഴി വിൽപ്പനയ്ക്കെത്തിക്കാനാണു കമ്പനിയുടെ നീക്കം. കമ്യൂട്ടർ വിഭാഗം അടക്കി വാഴുന്ന ‘സ്പ്ലെൻഡർ’, ‘എച്ച് എഫ് ഡീലക്സ്’, ‘ഗ്ലാമർ’ തുടങ്ങിയ മോഡലുകൾക്കായി ആറായിരത്തിലേറെ ഡീലർഷിപ്പുകളാണു നിലവിൽ ഹീറോയ്ക്ക് ഇന്ത്യയിലുള്ളത്. പ്രകടനക്ഷമതയേറിയ ബൈക്കുകളും ഇതേ ഡീലർഷിപ്പുകൾ വഴിയാണു കമ്പനി നിലവിൽ വിൽക്കുന്നത്.

വരും വർഷങ്ങളിൽ ശേഷിയേറിയ എൻജിനോടെ കൂടുതൽ മോഡലുകൾ  പ്രീമിയം വിഭാഗത്തിൽ പടയ്ക്കിറക്കാൻ ഹീറോ മോട്ടോ കോർപ് തയാറെടുക്കുന്നുണ്ട്. പ്രീമിയം ബൈക്കിന്റെ ഇടപാടുകാർ 100 സി സി ബൈക്ക് വാങ്ങാനെത്തുന്നവരിൽ നിന്നു തീർത്തും വ്യത്യസ്തരാണെന്നു ഹീറോ മോട്ടോ കോർപ് ചെയർമാനും മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ പവൻ മുഞ്ജാൾ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ വിൽപ്പന മെച്ചപ്പെടുത്താനായി ഇത്തരം ഉപയോക്താക്കൾക്കു മികച്ച സേവനവും ഉറപ്പാക്കേണ്ടതുണ്ട്. 

അടുത്ത മാർച്ചിനുള്ളിൽ അര ഡസനോളം പുതിയ മോഡലുകൾ അവതരിപ്പിക്കാനാണു ഹീറോ മോട്ടോഴ്സിന്റെ പദ്ധതി. ഇതിൽ ചിലതു പ്രീമിയം വിഭാഗത്തിലുമാവുമെന്ന് മുഞ്ജാൾ വ്യക്തമാക്കി. വരുംവർഷങ്ങളിലും കൂടുതൽ പ്രീമിയം ബൈക്കുകളും സ്കൂട്ടറുകളും പ്രതീക്ഷിക്കാം. പ്രീമിയം വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ‘എക്സ്പൾസ്’ എന്ന ആശയവും ഹീറോ അനാവരണം ചെയ്തു. സമാനമായ മറ്റു മോഡലുകളും വികസനഘട്ടത്തിലുണ്ടെന്ന് മുഞ്ജാൾ വെളിപ്പെടുത്തുകയും ചെയ്തു.