ഇന്ത്യയിൽ രണ്ടാം പ്ലാന്റ് സ്ഥാപിക്കാൻ സുസുക്കി

ഇന്ത്യയിൽ രണ്ടാമത്തെ നിർമാണശാല സ്ഥാപിക്കാനുള്ള സാധ്യത ആരാഞ്ഞ് ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കി. രണ്ടാമത്തെ പ്ലാന്റിന് 500 കോടിയോള രൂപയുടെ മുതൽമുടക്കാണു പ്രതീക്ഷിക്കുന്നതെന്നും സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(എസ് എം ഐ പി എൽ) സൂചിപ്പിച്ചു. സുസുക്കി മോട്ടോർ കോർപറേഷന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് എസ് എം ഐ പി എൽ.

നാട്ടുകാരായ യമഹയെപ്പോലെ ഇന്ത്യൻ വിപണിയിൽ കമ്യൂട്ടർ വിഭാഗത്തിൽ നിന്നു പിൻമാറാനും പ്രീമിയം ബൈക്കിലും സ്കൂട്ടറുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുമാണു സുസുക്കിയുടെയും പദ്ധതി. ഇതിന്റെ ഭാഗമായി 155 സി സി എൻജിനുള്ള ക്രൂസർ ബൈക്കായ ‘ഇൻട്രൂഡർ’ കമ്പനി കഴിഞ്ഞ ദിവസം ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചിട്ടുണ്ട്; 98,340 രൂപയാണു ബൈക്കിനു ഡൽഹി ഷോറൂമിൽ വില. ഇത്തരം നടപടികളിലൂടെ 2020 ആകുമ്പോഴേക്ക് ഇന്ത്യയിലെ വാർഷിക വിൽപ്പന 10 ലക്ഷം യൂണിറ്റിലെത്തിക്കാനാവുമെന്നും എസ് എം ഐ പി എൽ കണക്കുകൂട്ടുന്നു.

വിൽപ്പന 10 ലക്ഷത്തിലെത്തുംവരെ ഹരിയാനയിലെ ഗുരുഗ്രാമിൽ നിലവിലുള്ള നിർമാണശാല പര്യാപ്തമാണെന്ന് എസ് എം ഐ പി എൽ മാനേജിങ് ഡയറക്ടർ സതോഷി ഉചിഡ അഭിപ്രായപ്പെട്ടു. എന്നാൽ വിൽപ്പന ഇതിനു മുകളിലേക്കു പോകുന്നതോടെ പുതിയ ശാല അനിവാര്യതയാവും. രാജ്യത്തെ രണ്ടാം നിർമാണശാല സംബന്ധിച്ച തീരുമാനം അടുത്ത വർഷത്തോടെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 

നിലവിൽ പുതിയ ശാല എവിടെ സ്ഥാപിക്കണമെന്നും ഉൽപ്പാദനശേഷി എത്രയാവണമെന്നുമൊക്കെയുള്ള ചർച്ചകളിലാണു കമ്പനി. ദക്ഷിണേന്ത്യയാണ് എസ് എം ഐ പി എല്ലിന്റെ പ്രധാന വിപണി എന്നതിനാൽ പുതിയ ശാല അവിടായവുന്നതാണ് അഭികാമ്യമെന്ന വാദം നിലവിലുണ്ട്. അതേസമയം പ്രവർത്തനവും മേൽനോട്ടവുമൊക്കെ സുഗമമാക്കാൻ പുതിയ ശാലയും ഹരിയാനയിൽ തന്നെ നിലനിർത്തത്തുന്നതാണ് ഉത്തമമെന്ന വാദവും ശക്തമാണെന്ന് ഉചിഡ വെളിപ്പെടുത്തുന്നു. 

നിലവിൽ ഗുരുഗ്രാമിലുള്ള എസ് എം ഐ പി എൽ ശാലയുടെ വാർഷിക ഉൽപ്പാദനശേഷി 5.40 ലക്ഷം യൂണിറ്റാണ്. 10 ഏക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ശാലയിൽ ഭാവി വികസനത്തിനായി 37 ഏക്കർ ഭൂമിയും ലഭ്യമാണ്.