ലോഞ്ചിനിടെ പറ്റിയ കൈയബദ്ധത്തിൽ പറന്ന് സ്കൂട്ടർ, വൈറലായി വിഡിയോ

Honda Grazia

ഓരോ നിർമാതാക്കളും പുതിയ വാഹനം പുറത്തിറക്കുന്നത് വർണ്ണാഭമായ ചടങ്ങുകൾ നടത്തിയാണ്. പുതിയ വാഹനത്തിന്റെ പ്രചാരം വർദ്ധിപ്പിക്കാനായി നിർമാതാക്കൾ പല പരിപാടികളും ആസൂത്രണം ചെയ്യും. എന്നാൽ ഹോണ്ടയുടെ ഏറ്റവും പുതിയ ഇരുചക്രവാഹനമായ ഗ്രാസ്യയുടെ ലോഞ്ചിനിടെ നടന്ന ‘ഒരു കൈയബദ്ധ’ത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായിരിക്കുന്നു. വാഹനം പുറത്തിറക്കി കഴിഞ്ഞുള്ള ഫോട്ടോ സെക്ഷനിലാണ് ഹോണ്ട ടൂവിലേഴ്സിന്റെ ഇന്ത്യൻ മേധാവികളിലൊരാൾ വാഹനം സ്റ്റാർട് ചെയ്ത് ആക്സിലേറ്റർ തിരിച്ചത്, പിടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും സ്റ്റേജിൽ നിന്ന് ചാടിയ സ്കൂട്ടർ ഒന്ന് പൊങ്ങി നിലത്തെത്തി.

പെട്ടന്നു തന്നെ സ്കൂട്ടർ പഴയ പടി ആക്കി ഫോട്ടോ സെക്ഷൻ നടത്തിയെങ്കിലും നടന്ന കൈയബദ്ധത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഇങ്ങനൊരു പുറത്തിറക്കൽ ചടങ്ങ് മറ്റൊരു വാഹനത്തിനും ലഭിക്കില്ലെന്ന് പറഞ്ഞാണ് വിഡിയോ ഷെയർ ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ഹോണ്ടയുടെ പുത്തൻ 125 സി സി സ്കൂട്ടറായ ‘ഗ്രാസ്യ’ വിപണിയിലെത്തിയത്. 57,897 രൂപയാണ് സ്കൂട്ടറിന്റെ ഡൽഹി ഷോറൂം വില.

‘ഗ്രാസ്യ’യ്ക്കു കരുത്തേകുന്നത് 124.9 സി സി, എയർ കൂൾഡ്, ഫോർ സ്ട്രോക്ക് എൻജിനാണ്; പരമാവധി 8.52 ബി എച്ച് പി കരുത്തും 10.54 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ‘ആക്ടീവ 125’ സ്കൂട്ടറിലുള്ളതും ഇതേ എൻജിൻ തന്നെ. ‘വി മാറ്റിക്’ ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് ‘ഗ്രാസ്യ’യുടേത്. ലീറ്ററിന് 50 കിലോമീറ്റർ വരെയാണ് ‘ഗ്രാസ്യ’യ്ക്ക് എച്ച് എം എസ് ഐ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. പരമാവധി വേഗമാവട്ടെ മണിക്കൂറിൽ 85 കിലോമീറ്ററും.