‘നെക്സൺ’ ഉൽപ്പാദനം ഇരട്ടിയാക്കിയെന്നു ടാറ്റ

Tata Nexon

പുത്തൻ കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘നെക്സൺ’ ടാറ്റ മോട്ടോഴ്സിനു നേട്ടമാവുന്നു. വിപണിയുടെ ആവശ്യം മുൻനിർത്തി ‘നെക്സൺ’ ഉൽപ്പാദനം ഇരട്ടിയാക്കുകയാണെന്നു കമ്പനി പ്രഖ്യാപിച്ചു. പതിനയ്യായിരത്തിലേറെ ബുക്കിങ് വാരിക്കൂട്ടിയ ‘നെക്സൺ’ ലഭിക്കാൻ ഇപ്പോൾ മൂന്നു മാസത്തോളം കാത്തിരിക്കേണ്ട സാഹചര്യമാണ്. ഉൽപ്പാദനം ഉയർത്തി ആവശ്യക്കാർക്ക് ആറാഴ്ചയ്ക്കുള്ളിൽ പുതിയ ‘നെക്സൺ’ ലഭ്യമാക്കാനാണു കമ്പനിയുടെ പദ്ധതി.

സെപ്റ്റംബറിലാണു ടാറ്റ മോട്ടോഴ്സ് ‘നെക്സൺ’ അവതരിപ്പിച്ചത്; പെട്രോൾ മോഡലുകൾക്ക് 5.85 ലക്ഷം രൂപ മുതൽ ഡീസൽ വകഭേദങ്ങൾക്ക് 6.85 ലക്ഷം രൂപ മുതലുമായിരുന്നു വില. പുണെയ്ക്കടുത്ത് രഞ്ജൻഗാവിലുള്ള ശാലയിലാണു ടാറ്റ മോട്ടോഴ്സ് ‘നെക്സൺ’ ഉൽപ്പാദിപ്പിക്കുന്നത്.  കഴിഞ്ഞ മാസങ്ങൾക്കിടയിൽ വിപണി താൽപര്യപൂർവം കാത്തിരുന്ന അവതരണമായിരുന്നു ടാറ്റ ‘നെക്ന്റേ’ത്; അതുകൊണ്ടുതന്നെ കാര്യമായ ബുക്കിങ്ങും ‘നെക്സൺ’ സ്വന്തമാക്കി. എന്നാൽ ഉൽപ്പാദനത്തിലെ പരിമിതികളെ തുടർന്നു പുതിയ ‘നെക്സൺ’ ലഭിക്കാൻ നീണ്ട കാത്തിരിപ്പ് അനിവാര്യതയായി. പ്രതിമാസം 5,500 — 6,000 ‘നെക്സൺ’ നിർമിക്കാനാണു ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ തുടക്കത്തിൽ ‘നെക്സൺ’ ഉൽപ്പാദനം പ്രതിമാസം മൂവായിരത്തോളം യൂണിറ്റിലൊതുങ്ങിയതാണു വിനയായത്.

വാഹനാവതരണത്തിനു മുമ്പേ ‘നെക്സൺ’ ഉൽപ്പാദനം പ്രതീക്ഷിച്ചപോലെ വർധിപ്പിക്കാൻ കഴിഞ്ഞില്ലെന്നു ടാറ്റ മോട്ടോഴ്സും സ്ഥിരീകരിക്കുന്നു. വാഹനം നിരത്തിലെത്തിയ ശേഷവും നില കാര്യമായി മെച്ചപ്പെട്ടില്ല. എന്നാൽ ഇപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ചെന്നും ‘നെക്സൺ’ ഉൽപ്പാദനം ഗണ്യമായി ഉയർന്നെന്നുമാണു ടാറ്റയുടെ അവകാശവാദം.‘നെക്സണി’ലെ പുതിയ 1.5 ലീറ്റർ ഡീസൽ എൻജിന് പരമാവധി 110 പി എസ് കരുത്തും 260 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ലോ എൻഡ് ടോർക്കിലെ മികവ് മൂലം അടിക്കടിയുള്ള ഗീയർമാറ്റം ഒഴിവാക്കാമെന്ന നേട്ടമുണ്ട്.

കാറിനായി വികസിപ്പിച്ച 1.2 ലീറ്റർ പെട്രോൾ എൻജിനാവട്ടെ 110 പി എസ് വരെ കരുത്തും 170 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. പെട്രോൾ, ഡീസൽ എൻജിനുകൾക്ക് കൂട്ട് ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ്. ഗുജറാത്തില സാനന്ദ് ശാലയിലാണു ടാറ്റ മോട്ടോഴ്സ്  ഈ പുതിയ എൻജിനുകൾ നിർമിക്കുന്നത്.