ക്ലിക്കായി ‘ക്ലിക്’, വിൽപ്പന 10,000 പിന്നിട്ടെന്നു ഹോണ്ട

Honda Cliq

പുറത്തിറങ്ങി നാലു മാസത്തിനകം ‘ക്ലിക്’ വിൽപ്പന 10,000 യൂണിറ്റ് പിന്നിട്ടെന്നു ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ). ജനപ്രിയ സ്കൂട്ടറായ ‘ആക്ടീവ’ അടിത്തറയാക്കി ഗ്രാമീണ മേഖലയ്ക്കായി ഹോണ്ട രൂപകൽപ്പന ചെയ്ത മോഡലാണു ‘ക്ലിക്’.  42,499 രൂപയാണു ‘ക്ലിക്കി’ന്റെ ഷോറൂം വില. യൂട്ടിലിറ്റി സ്കൂട്ടറായ ‘ക്ലിക്കി’നെ കഴിഞ്ഞ ഓഗസ്റ്റിലാണു ഹോണ്ട പുറത്തിറക്കിയത്. സ്കൂട്ടറിന്റെ വിൽപ്പന 10,000 യൂണിറ്റ് പിന്നിട്ട വിവരം എച്ച് എം എസ് ഐ ഡപ്യൂട്ടി ഡയറക്ടർ (സെയിൽസ് ആൻഡ് മാർക്കറ്റിങ്) ടെറ്റ്സുയ കൊമിനെയാണു വെളിപ്പെടുത്തിയത്. 

രാജ്യത്തെ ഗ്രാമീണ മേഖലയിൽ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ലാതെ മെച്ചപ്പെട്ടതും പ്രായോഗികവുമായ സഞ്ചാര സൗകര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഹോണ്ട ‘ക്ലിക്’ അവതരിപ്പിച്ചത്. രാജസ്ഥാനിലെ തപുകരയിലുള്ള ശാലയിൽ നിർമിക്കുന്ന ‘ക്ലിക്’ തുടക്കത്തിൽ രാജസ്ഥാനിൽ മാത്രമാണു വിൽപ്പനയ്ക്കെത്തിയത്; പിന്നീട് ‘ക്ലിക്’ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമെത്തി. നിലവിൽ രാജ്യവ്യാപകമായി തന്നെ ‘ക്ലിക്’ വിൽപ്പനയ്ക്കുണ്ട്.

മലിനീകര നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരം പാലിക്കുന്ന  110 സി സി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണു ‘ക്ലിക്കി’ലുള്ളത്;  പരമാവധി 7.9 ബി എച്ച് പി കരുത്തും 8.94 എൻ എം ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനാവും. സി വി ടി ഗീയർബോക്സാണു ട്രാൻസ്മിഷൻ.  നാലു നിറങ്ങളിലാണു ‘ക്ലിക്’ വിപണിയിലുള്ളത്.

പിന്നിൽ കാരിയർ, വീതിയേറിയ ഫുട്ബോർഡ്, സീറ്റിനടിയിൽ ആവശ്യത്തിനു സംഭരണസ്ഥലം തുടങ്ങിയവയ്ക്കൊപ്പം അധിക ഗ്രിപ്പിനായി ഇതാദ്യമായി ബ്ലോക്ക് പാറ്റേൺ ടയറുകളും എച്ച് എം എസ് ഐ ‘ക്ലിക്കി’ൽ ലഭ്യമാക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലെ നിലവാരം കുറഞ്ഞ റോഡുകളിൽ മെച്ചപ്പെട്ട പ്രകടനത്തിനും കൂടുതൽ ഗ്രിപ്പിനുമാണു ബ്ലോക്ക് പാറ്റേൺ ടയറുകളുടെ വരവ്. ഒപ്പം യാത്രാസുഖം ഉയർത്താനായി  743 എം എം സീറ്റ് ഹൈറ്റും സ്കൂട്ടറിൽ ഹോണ്ട ഉറപ്പാക്കിയിട്ടുണ്ട്. മുന്നിലും പിന്നിലും സ്പ്രിങ് ലോഡഡ് ഹൈഡ്രോളിക് സസ്പെൻഷനുള്ള ‘ക്ലിക്കി’ൽ 130 എം എം ഡ്രം ബ്രേക്കുകളാണു ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ സീറ്റിനടിയിലായി മൊബൈൽ ചാർജിങ് സോക്കറ്റും ലഭ്യമാണ്.