പി ബി ബാലാജി ടാറ്റ മോട്ടോഴ്സ് സി എഫ് ഒ

ടാറ്റ മോട്ടോഴ്സ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ(സി എഫ് ഒ) ആയി പി ബി ബാലാജി ചുമതലയേറ്റു. കഴിഞ്ഞ സെപ്റ്റംബർ 30നു സി എഫ് ഒ സ്ഥാനത്തു നിന്നു വിരമിച്ച സി ആർ രാമകൃഷ്ണനു പകരക്കാരനായാണു ബാലാജിയുടെ വരവെന്ന് ടാറ്റ മോട്ടോഴ്സ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചി(ബി എസ് ഇ)നെ അറിയിച്ചു. ഗ്രൂപ്പിന്റെ സാമ്പത്തിക മേഖലയിലെ പ്രകടനം മെച്ചപ്പെടുത്താൻ ബാലാജിയുടെ പ്രവർത്തനം സഹായകമാവുമെന്നും ടാറ്റ മോട്ടോഴ്സ് പ്രത്യാശിച്ചു.

യൂണിലീവറിനൊപ്പം 1995ൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ബാലാജി വിവിധ ഏഷ്യൻ രാജ്യങ്ങളിലും സ്വിറ്റ്സർലൻഡിലും യു കെയിലും ഇന്ത്യയിലുമൊക്കെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോർപറേറ്റ് മേഖലയിലും ആഗോള സാമ്പത്തിക രംഗത്തുമൊക്കെയായി രണ്ടു ദശാബ്ദത്തിലേറെ നീളുന്ന പ്രവൃത്തി പരിചയമാണ് ബാലാജിക്കുള്ളത്. 2014 മുതൽ ഹിന്ദുസ്ഥാൻ യൂണിലീവറിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസറാണ് അദ്ദേഹം. ഇതിനു മുമ്പ് ലണ്ടനിൽ യൂണിലീവർ ഗ്രൂപ്പിന്റെ ചീഫ് അക്കൗണ്ടന്റായിരുന്നു ബാലാജി. 

കമ്പനിയുടെ പരിവർത്തനയാത്രയിൽ നിർണായക പങ്കാവും ബാലാജി വഹിക്കുകയെന്നു ടാറ്റ മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ ഗ്വന്റെർ ബട്ഷെക് അഭിപ്രായപ്പെട്ടു. വരുമാനം ഉയർത്തുന്നതിനൊപ്പം വിപണി വിഹിതം വർധിപ്പിക്കാനും പ്രവർത്തനം ചെലവ് കുറയ്ക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനുമൊക്കെ ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിടുന്നുണ്ട്. ഇത്തരം നടപടികളിലൂടെ സാമ്പത്തിക മേഖലയിലെ പ്രകടനം മെച്ചപ്പെടുത്താനും ലാഭക്ഷമത ഉയർത്താനുമാണു ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു.

ചെന്നൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐ ഐ ടി)യിൽ നിന്നു ബിരുദം നേടിയ ബാലാജി കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റി(ഐ ഐ എം)ൽ നിന്നാണു ബിരുദാനന്തര ബിരുദം നേടിയത്. ഈ മാസം തന്നെ അദ്ദേഹം ടാറ്റ മോട്ടോഴ്സ് ഗ്രൂപ് സി എഫ് ഒ സ്ഥാനം ഏറ്റെടുക്കും.