വൈദ്യുത വാഹന വിൽപ്പന: ഗുജറാത്ത് മുന്നിൽ

Mahindra e2o

പ്രോത്സാഹനങ്ങൾക്കും ആനുകൂല്യങ്ങൾക്കുമൊന്നും പഞ്ഞമില്ലെങ്കിലും രാജ്യത്തു വൈദ്യുത വാഹന(ഇ വി) വിൽപ്പന പച്ച പിടിക്കുന്നത് അഞ്ചു സംസ്ഥാനങ്ങളിൽ മാത്രമെന്നു കണക്കുകൾ. ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ മാത്രമാണു വൈദ്യുത വാഹന വിൽപ്പന പുരോഗതി കൈവരിക്കുന്നതെന്ന് രാജ്യത്ത് ഇത്തരം വാഹനങ്ങൾ നിർമിക്കുന്നവരുടെ സൊസൈറ്റിയായ എസ് എം ഇ വി വ്യക്തമാക്കുന്നു. 

കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം ഗുജറാത്തിലാണ് ഏറ്റവുമധികം ഇ വി കൾ വിറ്റു പോയതെന്ന് എസ് എം ഇ വി വെളിപ്പെടുത്തുന്നു: 4,330 യൂണിറ്റ്. 2,846 യൂണിറ്റ് വിൽപ്പനയോടെ പശ്ചിമ ബംഗാളാണ് അടുത്ത സ്ഥാനത്ത്. ഉത്തർ പ്രദേശിൽ 2,467 ഇ വികളും രാജസ്ഥാനിൽ 2,388 ഇ വി കളും മഹാരാഷ്ട്രയിൽ 1,926 ഇ വികളുമാണ് 2016 — 17ൽ വിറ്റത്. രാജ്യത്താകെ കാൽ ലക്ഷത്തോളം വൈദ്യുത വാഹനങ്ങൾ കൂടി കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റുപോയെന്നും എസ് എം ഇ വി വിശദീകരിക്കുന്നു.

മുൻസാമ്പത്തിക വർഷം വിറ്റ വൈദ്യുത ഇരുചക്ര, നാലു ചക്ര വാഹനങ്ങളുടെയും നിലവിൽ നിരത്തിലുള്ളവയുടെയും കണക്കെടുപ്പാണ് എസ് എം ഇ വി നടത്തിയത്. മൊത്തം വൈദ്യുത വാഹന വിൽപ്പനയിൽ 92 ശതമാനവും ബാറ്ററിയിൽ ഓടുന്ന ഇരുചക്രവാഹനങ്ങളാണ്; അവശേഷിക്കുന്ന എട്ടു ശതമാനം മാത്രമാണ് വൈദ്യുത കാറുകളുടെ വിഹിതം.  ആദ്യഘട്ടത്തിൽ വൈദ്യുത വാഹന വിൽപ്പനയിൽ മുന്നിലായിരുന്ന ഡൽഹി ഇപ്പോൾ  പട്ടികയിൽ ഏഴാം സ്ഥാനത്തായിട്ടുണ്ടെന്നും എസ് എം ഇ വി വ്യക്തമാക്കുന്നു. 2016 — 17ൽ 1,072 ഇ വികൾ മാത്രമാണു ഡൽഹിയിൽ വിറ്റത്.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾ വൈദ്യുത വാഹന വിൽപ്പന പ്രോത്സാഹിപ്പിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നും എസ് എം ഇ വി ഡയറക്ടർ (കോർപറേറ്റ് അഫയേഴ്സ്) സൊഹിന്ദർ ഗിൽ ആവശ്യപ്പെട്ടു. സബ്സിഡി വിതരണത്തിലെ കാലതാമസം ഒഴിവാക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിനുള്ള അടിയന്തര നടപടികളും ഈ സംസ്ഥാനങ്ങൾ സ്വീകരിക്കണമെന്നാണ് ഗില്ലിന്റെ അഭ്യർഥന.