ടാറ്റ മോട്ടോഴ്സ് ‘ഹെക്സ’ നേപ്പാളിലും

Tata Hexa

ടാറ്റ മോട്ടോഴ്സിന്റെ ലൈഫ് സ്റ്റൈൽ എസ് യു വിയായ ‘ഹെക്സ’ ഹിമാലയൻ രാജ്യമായ നേപ്പാളിലും വിൽപ്പനയ്ക്കെത്തി. നേപ്പാളിലെ ആദ്യത്തെ 11 ഉടമകൾക്ക് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ ഗ്വന്റെർ ബട്ഷെക് കഠ്മണ്ടുവിൽ ‘ഹെക്സ’യുടെ താക്കോൽ കൈമാറി.  ഫോർ ബൈ ഫോർ ലേ ഔട്ടോടെ ‘എക്സ് ടി’ വകഭേദത്തിൽ നേപ്പാളിൽ വിൽപ്പനയ്ക്കെത്തുന്ന ‘ഹെക്സ’യ്ക്ക് 77.95 ലക്ഷം നേപ്പാളി രൂപ(ഏകദേശം 48.61 ലക്ഷം ഇന്ത്യൻ രൂപ) ആണു വില.

‘ഹെക്സ’യ്ക്കു കരുത്തേകുന്നത് 2.2 ലീറ്റർ വാരികോർ ഡീസൽ എൻജിനാണ്; 156 പി എസ് വരെ കരുത്തും 400 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ‘എക്സ് ടി ഫോർ ബൈ ഫോറി’ൽ ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. സെന്റർ കൺസോളിലെ റോട്ടറി നോബ് വഴി ‘സൂപ്പർ ഡ്രൈവ് മോഡ്’ തിരഞ്ഞെടുക്കാനും ‘ഹെക്സ’യിൽ അവസരമുണ്ട്: ഓട്ടോ, കംഫർട്, ഡൈനമിക്, റഫ് റോഡ് സാധ്യതകളാണു ‘സൂപ്പർ ഡ്രൈവി’ലുള്ളത്. ‘സൂപ്പർ ഡ്രൈവ് മോഡി’നൊപ്പം കുറ്റമറ്റ എൻജിൻ മാനേജ്മെന്റും പുതുതലമുറ ഇലക്ട്രോണിക് സ്റ്റെബിലിറ്റ് പ്രോഗ്രാമും ടോർക് ഓൺ ഡിമാൻഡുമൊക്കെ ‘ഹെക്സ’ വാഗ്ദാനം ചെയ്യുന്നു.

പോരെങ്കിൽ ഉപയോക്താക്കളുടെ അഭിരുചിക്കൊത്ത് ക്രമീകരിക്കാവുന്ന ഇൻസ്ട്രമെന്റ് ക്ലസ്റ്റർ ഡിസ്പ്ലേയും ആംബിയന്റ് ലൈറ്റിങ്ങുമൊക്കെ ‘ഹെക്സ’യുടെ സവിശേഷതകളാണ്. പ്രൊജക്ടർ ഹെഡ്ലാംപ്, 19 ഇഞ്ച് അലോയ് വീൽ, എൽ ഇ ഡി ടെയിൽ ലാംപ്, ആറ് എയർബാഗ്, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ഓട്ടമാറ്റിക് ഹെഡ്ലാംപ്, 10 സ്പീക്കർ സഹിതം ജെ ബി എം ഓഡിയോ സംവിധാനം തുടങ്ങിയവയൊക്കെയായാണു ‘ഹെക്സ’യുടെ വരവ്.