വാഹനത്തെപ്പറ്റി പരാതിയുമായെത്തിയ ഉപഭോക്താവിന് ഷോറൂമിൽ ലഭിച്ചത് ‘ഇടി’

Image Captured From Youtube Video

അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പിനെ ഇന്ത്യയിൽ ജനകീയമാക്കുന്ന വാഹനമാണ് കോംപസ്. ജീപ്പ് എന്ന ബ്രാൻഡിനോടുള്ള ആരാധനയും വാഹനത്തിന്റെ സ്റ്റൈലും ഗുണമേന്മയും കോംപസിനെ എസ്‌യുവി സെഗ്മെന്റിലെ മുൻനിര വാഹനങ്ങളിലൊന്നാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ ജീപ്പിന്റെ പ്രതിഛായ തകർക്കുന്ന സംഭവമാണ് ന്യൂ‍ഡൽഹിയിലെ ലാൻഡ് മാർക്ക് ജീപ്പിൽ നിന്നുണ്ടായിരിക്കുന്നത്.

വാഹനത്തിന്റെ പ്രശ്നം പരിഹരിക്കാനെത്തിയ ഉപഭോക്താവിനെ ഡീലർഷിപ്പിലെ സ്റ്റാഫുകൾ മർദ്ദിച്ചെന്നായിരുന്നു പരാതി. ഇതിന്റെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. തന്റെ വാഹനത്തിന്റെ തകരാർ പരിഹരിക്കുന്നതിനായാണ് ഉപഭോക്താവ് സൗത്ത് ഡൽഹിയിലെ ജീപ്പ് ഷോറൂമിലെത്തിയത്. പരിഹരിക്കുന്നതിനായി പതിനഞ്ച് ദിവസത്തെ സമയം ആവശ്യപ്പെടുകയും വാഹനം ഗുരുഗ്രാം ഹെഡ് ഓഫീസിലേക്ക് അയക്കുകയും ചെയ്തു എന്നാൽ തകരാർ കണ്ടെത്താൻ സാധിക്കാത്തതിനാലാണ് ഉപഭോക്താവ് കയർത്ത് സംസാരിച്ചത്. തുടർന്ന് ഷോറൂം സ്റ്റാഫുകളും ഉപഭോക്താവും തമ്മിൽ തർക്കമാകുകയും കൈയാങ്കളിയിൽ എത്തുകയുമായിരുന്നു. 

ജീപ്പ് ഉപഭോക്താവിന്റെ സുഹൃത്തുകളിൽ ഒരാളാണ് വിഡിയോ പകർത്തിയത്. ഉപഭോക്താവിന ജീപ്പ് ഷോറൂമിലെ ജീവനക്കാരൻ മർദ്ദിക്കുന്നതും വിഡിയോയിൽ കാണാം. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിനെ തുടർന്ന് വിശദീകരണവുമായി ജീപ്പ് ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നിരിക്കുന്നതെന്നും സംഭവത്തെ ഗൗരവമായിട്ടാണ് കാണുന്നതെന്നും കുറ്റക്കാർക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നുമാണ് ജീപ്പ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.