വൈദ്യുത കാർ: ബാറ്ററി വില കുറയണമെന്ന് അമിതാഭ് കാന്ത്

വൈദ്യുത കാറുകളിൽ ഉപയോഗിക്കുന്ന ബാറ്ററിയുടെ വില കുറയ്ക്കാൻ സഹായിക്കുന്ന സാങ്കേതിക മുന്നേറ്റം അനിവാര്യമാണെന്നു നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അമിതാഭ് കാന്ത്. ചർച്ചകൾക്കും പദ്ധതികൾക്കുമൊന്നും കുറവില്ലെങ്കിലും നിലവിൽ നിരത്തിലുള്ള മൊത്തം വാഹനങ്ങളിൽ ഒരു ശതമാനത്തോളം മാത്രമാണു വൈദ്യുത വാഹനങ്ങളുടെ വിഹിതമെന്നും ഹൈദരബാദിൽ ആഗോള സംരംഭകത്വ ഉച്ചകോടിക്കിടെ അദ്ദേഹം ഓർമിപ്പിച്ചു. സാധാരണ കാറുകളെ അപേക്ഷിച്ചു ബാറ്ററിയിൽ ഓടുന്ന വാഹനങ്ങൾക്ക് വില കൂടുതലാണെന്നതു ഗൗരവമേറിയ പ്രശ്നമാണെന്നും കാന്ത് അഭിപ്രായപ്പെട്ടു. 

ബാറ്ററിയുടെ വില കുറയുന്നതോടെ വൈദ്യുത കാറിന്റെ വില സാധാരണ എൻജിനുള്ള കാറുകൾക്കൊപ്പമാവും. അതുകൊണ്ടുതന്നെ സാങ്കേതികതലത്തിൽ ഈ തുല്യത കൈവരിക്കുക എന്നതാണു പ്രധാന വെല്ലുവിളിയെന്നും അമിതാഭ് കാന്ത് വിലയിരുത്തി. കാർ ബാറ്ററികൾ ചാർജ് ചെയ്യുന്ന സേവനത്തിൽ കുത്തകൾ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ലക്ഷ്യത്തോടെ പരസ്പരം പങ്കുവയ്ക്കാവുന്ന ചാർജിങ് പോയിന്റ് സംവിധാനം ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്നും അമിതാഭ് കാന്ത് നിർദേശിച്ചു. 

വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ പ്രതിശീർഷ കാർ ഉടമസ്ഥത തീർത്തും കുറവായതിനാൽ വാഹന നിർമാതാക്കളെ സംബന്ധിച്ചിടത്തോളം വിപുല സാധ്യതയാണ് ഈ വിപണിയിലുള്ളത്. സൗരോർജം പോലെ പുനഃരുപയോഗിക്കാവുന്ന സ്രോതസുകളെ ആശ്രയിച്ചാൽ രാജ്യത്തെ വാഹനങ്ങൾക്ക് ആവശ്യമുള്ള വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഇന്ത്യയ്ക്കാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം ഡ്രൈവർ രഹിത കാറുകളുടെ രംഗപ്രവേശത്തിന് ഇന്ത്യ സന്നദ്ധമായിട്ടില്ലെന്നും അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു. മറിച്ച് വാഹനം പങ്കുവച്ച് ഉപയോഗിക്കുന്ന രംഗത്താണു വിപുല സാധ്യതയുള്ളതെന്നും അദ്ദേഹം വിലയിരുത്തുന്നു. ഷെയേഡ്, കണക്റ്റഡ് കാറുകളിലാണു തനിക്കു വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി; ഡ്രൈവർരഹിത കാറിൽ അത്രയും പ്രതീക്ഷയില്ല. ജോലിയുടെയും അവസരങ്ങളുടെയുമൊക്കെ സ്വഭാവം മാറുന്ന സാഹചര്യത്തിൽ ഭാവിയിൽ സഞ്ചാര സൗകര്യവും പങ്കുവയ്ക്കേണ്ടിവരുമെന്ന് അദ്ദേഹം കരുതുന്നു.