സാനന്ദ്: ഗുജറാത്ത് അനുവദിച്ചതു വായ്പയെന്നു ടാറ്റ

സാനന്ദിൽ നിർമാണശാല സ്ഥാപിക്കാൻ ഗുജറാത്ത് സർക്കാർ അനുവദിച്ചത് സഹായധനമല്ല, മറിച്ചു വായ്പയായിരുന്നെന്നു ടാറ്റ മോട്ടോഴ്സ്. 584.80 കോടി രൂപയാണു സംസ്ഥാന സർക്കാർ വായ്പയായി അനുവദിച്ചതെന്നും കമ്പനി വ്യക്തമാക്കി. 

സംസ്ഥാന സർക്കാർ സൃഷ്ടിച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമാണു സാനന്ദിൽ പുതിയ നിർമാണശാല സ്ഥാപിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചതെന്നും ടാറ്റ മോട്ടോഴ്സ് വിശദീകരിച്ചു. ഭാവിയിൽ മുൻനിര വാഹന വ്യവസായ കേന്ദ്രമായി ഗുജറാത്ത് മാറുമെന്ന പ്രതീക്ഷയാണു പുതിയ ശാലയ്ക്കായി സാനന്ദിനെ തിരഞ്ഞെടുക്കാൻ കാരണമായതെന്നും കമ്പനി വ്യക്തമാക്കുന്നു.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന വൻകിട പദ്ധതിയെന്ന നിലയിലാണു സാനന്ദ് ശാലയ്ക്ക് ഗുജറാത്ത് സർക്കാർ പ്രത്യേക പാക്കേജ് അനുവദിച്ചത്. എന്നാൽ ഈ സാമ്പത്തിക സഹായം ഗ്രാന്റ് ആയിരുന്നില്ലെന്നും വായ്പ മാത്രമായിരുന്നെന്നുമാണ് ടാറ്റ മോട്ടോഴ്സ് വിശദീകരിക്കുന്നത്. കമ്പനിയും സർക്കാരുമായി ഒപ്പുവച്ച കരാർ പ്രകാരമാണു വായ്പയുടെ തിരിച്ചടവെന്നും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കുന്നു. പോരെങ്കിൽ ടാറ്റ മോട്ടോഴ്സ് അടച്ച നികുതി വരുമാനത്തിൽ നിന്നാണു സംസ്ഥാന സർക്കാർ കമ്പനിക്കു വായ്പ അനുവദിച്ചതത്രെ. നാളിതുവരെ ഗുജറാത്ത് സർക്കാർ 584.80 കോടി രൂപ വായ്പയായി നൽകിയിട്ടുണ്ടെന്നും കമ്പനി സ്ഥിരീകരിക്കുന്നു.

സാനന്ദിൽ നിർമാണശാല സ്ഥാപിക്കാൻ ടാറ്റ മോട്ടോഴ്സിനു ഗുജറാത്ത് സർക്കാർ വഴിവിട്ടു സഹായവും ആനുകൂല്യവും അനുവദിച്ചെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ച പശ്ചാത്തലത്തിലാണു കമ്പനിയുടെ വിശദീകരണം.

സാനന്ദ് ശാല പ്രവർത്തനക്ഷമമായതോടെ മേഖലയിലെ സാമ്പത്തിക മേഖലയിൽ മുന്നേറ്റ ദൃശ്യമാണെന്നും ടാറ്റ മോട്ടോഴ്സ് അവകാശപ്പെട്ടു.  പ്രത്യക്ഷമായും പരോക്ഷമായും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ ശാലയ്ക്കായി. പോരെങ്കിൽ വാഹന വ്യവസായ മേഖലയിൽ ഗുജറാത്തിന്റെ മുന്നേറ്റത്തിലും സാനന്ദ് ശാലയ്ക്കു നിർണായക പങ്കുണ്ടെന്നാണു ടാറ്റ മോട്ടോഴ്സിന്റെ അവകാശവാദം.