ലോകത്തിൽ 500 പേർക്കുമാത്രമുള്ള സൂപ്പർകാർ മറിച്ചു വിറ്റു, താരത്തിനെതിരെ ഫോഡ് കോടതിയിൽ

Ford GT

യു എസ് റസ്‌ലിങ് താരവും നടനുമായ ജോൺ സീനയ്ക്കെതിരെ നിയമയുദ്ധത്തിനു ഫോഡ് ഒരുങ്ങുന്നു. അഞ്ചു ലക്ഷം ഡോളർ(ഏകദേശം 3.22 കോടിയോളം രൂപ) വില മതിക്കുന്ന ‘ഫോഡ് ജി ടി’ വാങ്ങി രണ്ടു വർഷം കൈവശം വയ്ക്കാതെ മറിച്ചു വിറ്റതിനാണു ഫോഡ് സീനയ്ക്കെതിരെ തിരിയുന്നത്. ലോകത്തിൽ 500 പേർക്കുമാത്രം സ്വന്തമായുള്ള  കാർ കുറഞ്ഞതു രണ്ടു വർഷമെങ്കിലും ഉപയോഗിക്കണം എന്ന കരാർ ലംഘിച്ചു എന്ന് കാണിച്ചാണ് ഫോഡ് കോടതിയെ സമീപിച്ചരിക്കുന്നത്.

ആയിരക്കണക്കിന് അപേക്ഷകരിൽ നിന്നാണ് ‘ഫോഡ് ജി ടി’ കൈമാറാൻ സീനയെ തിരഞ്ഞെടുത്തതെന്നാണു മിച്ചിഗൻ ജില്ലാ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഫോഡ് ആരോപിക്കുന്നത്. തുടർന്ന് ‘ജി ടി’ രണ്ടു വർഷം കൈവശം വയ്ക്കാമെന്നു സമ്മതിച്ചു സീന കരാർ ഒപ്പിട്ടിരുന്നെന്നും ഫോഡ് വാദിക്കുന്നു. എന്നാൽ കാർ ലഭിച്ചതോടെ സീന നിലപാട് മാറ്റിയത്രെ; മികച്ച ലാഭം ഉറപ്പാക്കി അദ്ദേഹം കാർ മറിച്ചു വിൽക്കുകയായിരുന്നെന്നും ഫോഡ് ആരോപിക്കുന്നു. 

കരാർ വ്യവസ്ഥ ലംഘിച്ചു നടത്തിയ ഈ അനധികൃത ഇടപാടിലൂടെ സീന വമ്പൻ ലാഭം നേടിയെന്നും ഫോഡ് വാദിക്കുന്നു. ഒപ്പം സീനയുടെ ഈ നടപടി ‘ജി ടി’യുടെ ബ്രാൻഡ് മൂല്യത്തിലും കാറിനോടുള്ള ഉപയോക്താക്കളുടെ മതിപ്പിലുമൊക്കെ ഇടിവു നേരിടാനും വഴി തെളിച്ചു. പോരെങ്കിൽ രണ്ടു വർഷക്കാലം ‘ജി ടി’ അംബാസഡറായി താൻ രംഗത്തുണ്ടാവുമെന്ന വാക്കും സീന പാലിച്ചില്ലെന്നാണു ഫോഡിന്റെ പരാതി. 

ഈ സാഹചര്യത്തിൽ ‘ജി ടി’ വിൽപ്പന വഴി ലഭിച്ച ലാഭം പൂർണമായും കമ്പനിക്കു കൈമാറണമെന്നാണു ഫോഡിന്റെ വാദം. കൂടാതെ ഈ തീരുമാനം വഴി സംഭവിച്ച മറ്റു വീഴ്ചകൾക്ക് അർഹമായ നഷ്ടപരിഹാരവും ലഭിക്കണം. അതേസമയം തന്റെ ജീവിത ചെലവുകൾക്കു പണം കണ്ടെത്താൻ മറ്റ് ആസ്തികൾക്കൊപ്പം കാർ വിറ്റതാണെന്നാണ് അമേരിക്കൻ പ്രഫഷനൽ റസ്ലറും നടനും റാപ്പറും ടെലിവിഷനിലെ റിയാൽറ്റി ഷോ അവതരാകരനുമൊക്കെയായ സീനയുടെ പക്ഷം. നിലവിൽ ഡബ്ല്യു ഡബ്ല്യു ഇയുമായി കരാറിലുള്ള സീന ‘റോ’യിലും ‘സ്മാക്ക്ഡൗണി’ലും സ്ഥിരം സാന്നിധ്യവുമാണ്.