ഹ്യുണ്ടേയ് ക്രേറ്റയ്ക്കും മാരുതി ബ്രെസയ്ക്കും എതിരാളിയുമായി മഹീന്ദ്ര

Ssangyong Tivoli

ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്രയ്ക്ക് ഗ്ലോബൽ മുഖം നൽകിയ വാഹനമാണ് എക്സ്‌യുവി 500. രൂപത്തിലും ഭാവത്തിലും നിലവാരത്തിലും രാജ്യാന്തരമായി പുറത്തിറങ്ങിയ എക്സ്‌യുവിക്ക് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു. സെഗ്‌െമന്റ് കീഴിടക്കി മുന്നേറുന്ന എക്സ്‌യുവിയുടെ ലേബലിൽ പുതിയ വാഹനവുമായി മഹീന്ദ്ര എത്തുന്നു. എക്സ്‌യുവി 300 എന്ന് പേരിട്ടിരിക്കുന്ന വാഹനം മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കൊറിയൻ വാഹന നിർമാതാക്കളായ സാങ്‌യോങിന്റെ ചെറു എസ്‌യുവി ടിവോളിയെ അടിസ്ഥാനമാക്കിയാണ് നിർമിക്കുക. 

Ssangyong Tivoli

അഞ്ച് സീറ്റ്, ഏഴ് സീറ്റ് വകഭേദങ്ങളിൽ എക്സ്‌യുവി 300 പുറത്തിറക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. നാലുമീറ്ററിൽ താഴെ നീളവുമായി എത്തുന്ന അഞ്ചു സീറ്റർ വകഭേദം മാരുതി ബ്രെസ, ടാറ്റ നെക്സോൺ, ഫോഡ് ഇക്കോസ്പോർട് എന്നിവരുമായാണ് മത്സരിക്കുമ്പോൾ നാലു മീറ്ററിൽ മുകളിൽ നീളമുള്ള ഏഴു സീറ്റർ മോ‍ഡൽ ഹ്യുണ്ടേയ് ക്രേറ്റ, റെനോ ഡസ്റ്റർ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കും. അടുത്ത വർഷം അവസാനത്തോടു കൂടി പുതിയ വാഹനത്തെ മഹീന്ദ്ര വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

നിലവിൽ രാജ്യാന്തര വിപണിയിലുള്ള ടിവോളിയുടെ പ്ലാറ്റ്ഫോമായ എക്സ് 100 നിർ‌മിക്കുന്ന എസ്201 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ചെറു എസ്‌യുവി വികസന ഘട്ടത്തിലെന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ. ടിവോളിയുടെ പ്ലാറ്റ്ഫോം മാത്രമല്ല ഡിസൈൻ ഘടകങ്ങൾ കൂടി അടിസ്ഥാനപ്പെടുത്തിയിരിക്കും പുതിയ കോംപാക്റ്റ് എസ്‌യുവി മഹീന്ദ്ര പുറത്തിറക്കുക എന്നാണ് സൂചന. എന്നാൽ ടിവോളിയിൽ നിന്ന് വ്യത്യസ്തമായി വലിയ ടയറുകളും മസ്കുലറായ രൂപവും എക്സ്‌യുവി 300നുണ്ടാകും. 

Ssangyong Tivoli

പെട്രോൾ, ഡീസൽ വകഭേദങ്ങളുള്ള കാറിന്റെ പെട്രോൾ പതിപ്പിൽ 1.2 ലീറ്റർ എൻജിനും ഡീസൽ പതിപ്പിൽ 1.5 ലീറ്റർ എൻജിനുമുണ്ടാകും. ഏഴു മുതൽ 12 ലക്ഷം വരെയായിരിക്കും എക്സ്‌യുവി 300 ന്റെ വില. 2016 ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര ടിവോളിയെ പ്രദർശിപ്പിച്ചിരുന്നു. 2015 ലാണ് രാജ്യാന്തര വിപണിയിൽ സാങ്‌യോങ് ടിവോളിയെ പുറത്തിറക്കുന്നത്. നിലവിൽ 1.6 ലീറ്റർ പെട്രോൾ ഡീസൽ എൻജിനുകളാണ് ടിവോളിയിലുള്ളത്.