മാരുതി ഡിസയറിനു തിരിച്ചുവിളി

കോംപാക്ട് സെഡാനായ ‘ഡിസയറി’ന്റെ പിൻവീൽ ഹബ്ബിലെ നിർമാണ തകരാർ പരിശോധിക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) തയാറെടുക്കുന്നു. ‘ഡിസയർ’ പരിശോധനയ്ക്കായി പ്രത്യേക സർവീസ് ക്യാംപെയ്ൻ തന്നെ പ്രഖ്യാപിക്കാനാണു കമ്പനിയുടെ നീക്കം.

കഴിഞ്ഞ ഫെബ്രുവരി 23നും ജൂലൈ 10നുമിടയ്ക്കു നിർമിച്ച ‘ഡിസയർ’ സെഡാനുകളിലാണ് എം എസ് ഐ എൽ നിർമാണ പിഴവ് സംശയിക്കുന്നത്. മൊത്തം 21,494 കാറുകൾക്കാണു പരിശോധന ആവശ്യമായി വരികയെന്നും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ മാരുതി സുസുക്കി വ്യക്തമാക്കുന്നു. ഡീലർഷിപ്പിലെത്തിക്കുന്ന കാറിൽ തകരാർ കണ്ടെത്തുന്ന പക്ഷം ആ ഭാഗം സൗജന്യമായി മാറ്റി നൽകുമെന്നാണു കമ്പനിയുടെ വാഗ്ദാനം. 

കഴിഞ്ഞ ഒക്ടോബർ മുതൽ തന്നെ പരിശോധന ആവശ്യമുള്ള കാറുകളുടെ ഉടമകളെ വിവരം അറിയിച്ചു തുടങ്ങിയിട്ടുണ്ടെന്നാണു മാരുതി സുസുക്കിയുടെ അവകാശവാദം. കമ്പനി വെബ്സൈറ്റിലെ പ്രത്യേക പോർട്ടലിൽ വാഹനത്തിന്റെ ഷാസി നമ്പർ നൽകിയും ഉടമസ്ഥർക്ക് തങ്ങളുടെ ‘ഡിസയറി’നു പരിശോധന ആവശ്യമുണ്ടോ എന്നു കണ്ടെത്താൻ അവസരം ഒരുക്കിയിട്ടുണ്ട്. നിരത്തിലെത്തി അഞ്ചര മാസം കൊണ്ട് പുത്തൻ ‘ഡിസയർ’ കൈവരിച്ചത് ഒരു ലക്ഷത്തിലേറെ യൂണിറ്റിന്റെ വിൽപ്പനയാണ്. മാരുതി സുസുക്കിയുടെ മോഡൽ ശ്രേണിയിൽ തന്നെ ഏറ്റവുമധികം വിൽപ്പന കൈവരിച്ചു മുന്നേറുന്ന കാറാണു ‘ഡിസയർ’.