പുതുവർഷത്തിൽ മാരുതി കാറുകൾക്കും വിലകൂടും

Brezza

പുതുവർഷത്തിൽ വില കൂട്ടുമെന്ന് ഒടുവിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും പ്രഖ്യാപിച്ചു. ഉൽപ്പാദന ചെലവ് ഉയർന്ന സാഹചര്യത്തിൽ ജനുവരി മുതൽ വാഹന വിലയിൽ രണ്ടു ശതമാനം വരെ വർധന നടപ്പാക്കാനാണു കമ്പനിയുടെ തീരുമാനം. ഹാച്ച്ബാക്കായ ‘ഓൾട്ടോ 800’ മുതൽ ക്രോസോവറായ ‘എസ് ക്രോസ്’ വരെയുള്ള മോഡലുകളാണ് മാരുതി സുസുക്കി ഇന്ത്യയിൽ വിൽക്കുന്നത്; 2.45 ലക്ഷം രൂപ മുതൽ 11.29 ലക്ഷം രൂപ വരെയാണ് ഈ മോഡലുകളുടെ ഡൽഹിയിലെ ഷോറൂം വില.

കഴിഞ്ഞ മാസങ്ങൾക്കിടെ ഉൽപന്ന വില ക്രമമായി ഉയർന്നിട്ടുണ്ടെന്ന് മാരുതി സുസുക്കി വക്താവ് വിശദീകരിച്ചു. ഇതു മൂലമുണ്ടായ അധിക ബാധ്യത ഇതുവരെ കമ്പനി ഏറ്റെടുക്കുകയായിരുന്നു; ഈ രീതി തുടരാനാവാതെ വന്ന സാഹചര്യത്തിലാണു ജനുവരിയിൽ വാഹന വില കൂട്ടുന്നതെന്നും കമ്പനി വ്യക്തമാക്കി. പരമാവധി രണ്ടു ശതമാനം വരെയാവും വിവിധ വാഹനങ്ങളുടെ വിലയിലെ വർധനയെന്നും മാരുതി സുസുക്കി അറിയിച്ചു. പുതുവർഷത്തിൽ വാഹന വില വർധിപ്പിക്കുമെന്നു മിക്ക നിർമാതാക്കളും പ്രഖ്യാപിച്ചിട്ടുണ്ട്. 

 ജനുവരി മുതൽ ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വിലയിൽ 25,000 രൂപയുടെ വരെ വർധന നിലവിൽ വരുമെന്നാണു ടാറ്റ മോട്ടോഴ്സിന്റെ പ്രഖ്യാപനം. അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ ലൈഫ് സ്റ്റൈൽ കോംപാക്ട് എസ് യു വിയായ ‘നെക്സ’ന് പ്രഖ്യാപിച്ച പ്രാരംഭ വിലയും ഡിസംബർ 31ന് അവസാനിക്കുമെന്ന് ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്. പുതുവർഷത്തിൽ ‘നെക്സൻ’ ശ്രേണിയുടെ വിലയിലും 25,000 രൂപയുടെ വരെ വർധനയാണു നടപ്പാവുക. 

പുതുവർഷത്തിൽ കാർ വില വർധിപ്പിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടറും(ടി കെ എം) ഹോണ്ട കാഴ്സ് ഇന്ത്യയും ഇസൂസു മോട്ടോറുമൊക്കെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഫോക്സ്വാഗൻ ഗ്രൂപ്പിൽ പെട്ട ചെക്ക് ബ്രാൻഡായ സ്കോഡ ഓട്ടോ ഇന്ത്യയും ജനുവരിയിൽ വില വർധിപ്പിക്കാൻ ഒരുങ്ങുന്നുണ്ട്.

ജനുവരി ഒന്നു മുതൽ പ്രാബല്യത്തോടെ കാർ വിലയിൽ മൂന്നു ശതമാനത്തോളം വർധന നടപ്പാക്കാനാണു ടൊയോട്ടയുടെ നീക്കം. വിവിധ മോഡലുകളുടെ വിലയിൽ കാൽ ലക്ഷം രൂപയുടെ വരെ വർധനയാണു ജനുവരി ഒന്നു മുതൽ നടപ്പാവുകയെന്നാണു ഹോണ്ടയുടെ നിലപാട്.  ഇന്ത്യയിൽ വിൽക്കുന്ന മോഡലുകളുടെ വിലയിൽ മൂന്നു മുതൽ നാലു ശതമാനം വരെ വർധനയാണ് ജനുവരി ഒന്നിനു നിലവിൽ വരികയെന്നാണ് ഇസൂസു വ്യക്തമാക്കിയത്. 

വിവിധ മോഡലുμളുടെ വിലയിൽ രണ്ടോ മൂന്നോ ശതമാനം വർധനയാണു ജനുവരി ഒന്നു മുതൽ നടപ്പാവുകയെന്നു സ്കോഡയും വ്യക്തമാക്കിയിരുന്നു. പുതുവർഷത്തിൽ ഇന്ത്യയിലെ വാഹന വില വർധിപ്പിക്കുകയാണെന്ന് യു എസിൽ നിന്നുള്ള ഫോഡും പ്രഖ്യാപിച്ചിട്ടുണ്ട്. ഉൽപ്പാദനചെലവ് ഉയർന്നതു പരിഗണിച്ച് ജനുവരി മുതൽ വാഹനങ്ങളുടെ വിലയിൽ നാലു ശതമാനം വരെ വർധനയാണു പ്രാബല്യത്തിലെത്തുകയെന്നും കമ്പനി വ്യക്തമാക്കി.