ഇ വി ബാറ്ററിക്ക് ടൊയോട്ട — പാനസോണിക് സഖ്യം

വൈദ്യുത വാഹനങ്ങൾക്കുള്ള ബാറ്ററി വികസനത്തിൽ സഹകരിക്കാൻ ജപ്പാനിലെ പാനസോണിക് കോർപറേഷനും ടൊയോട്ട മോട്ടോർ കോർപറേഷനും തീരുമാനിച്ചു. ആഗോളതലത്തിൽ വാഹനങ്ങൾക്കുള്ള ഏറ്റവും വലിയ ലിതിയം അയോൺ ബാറ്ററി നിർമാതാക്കളെന്ന സ്ഥാനം അരക്കിട്ടുറപ്പിക്കാനാണ് ഈ സഖ്യത്തിലൂടെ പാനസോണിക് ലക്ഷ്യമിടുന്നത്. 

ടൊയോട്ട ശ്രേണിയിലെ പെട്രോൾ ഹൈബ്രിഡ്, പ്ലഗ് ഇൻ ഹൈബ്രിഡ് വാഹനങ്ങൾക്കുള്ള ബാറ്ററികൾ ലഭ്യമാക്കുന്നതു പാനസോണിക്കാണ്; ഈ സഖ്യം വിപുലീകരിച്ചാണ് ഇരു കമ്പനികളും ചേർന്നു വൈദ്യുത വാഹനങ്ങൾക്ക് ആവശ്യമായ ബാറ്ററികൾ വികസിപ്പിക്കാൻ തയാറെടുക്കുന്നത്. 

പൂർണമായും ബാറ്ററിയിൽ ഓടുന്ന വാഹനങ്ങൾ അവതരിപ്പിക്കുമെന്നു കഴിഞ്ഞ വർഷമാണ് ടൊയോട്ട പ്രഖ്യാപിച്ചത്. പരിസ്ഥിതി സൗഹൃദമായ കാറുകൾക്ക് ഏറ്റവും അനുയോജ്യമായത് ഇന്ധന സെൽ വാഹനങ്ങളും പ്ലഗ് ഇൻ ഹൈബ്രിഡുകളുമാണെന്ന മുൻനിലപാടിൽ നിന്നുള്ള വ്യതിയാനമായാണ് ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.