ജീപ്പിന്റെ വിപണി പിടിക്കാൻ ചെറു എസ്‌യുവികളുമായി കിയ

Kia Niro

ഹ്യുണ്ടേയ് മോട്ടോറിന്റെ സഹസ്ഥാപനമായ കിയ മോട്ടോഴ്സ് ആന്ധ്രാപ്രദേശിൽ സ്ഥാപിച്ച ശാലയിൽ നിന്നുള്ള ആദ്യവാഹനങ്ങൾ ചെറു എസ്‍‌യുവികള്‍. മഹീന്ദ്ര എക്സ്‌യുവി, ജീപ്പ് കോംപസ് തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനായി നിറോ എസ്‌യുവിയേയും സ്പോർട്ടേജിനേയുമായിരിക്കും കമ്പനി ആദ്യം പുറത്തിറക്കുക.

Sportage

നിലവിൽ രാജ്യാന്തര വിപണിയിലുള്ള നിറോ എസ്‌യുവിയുടെ ഹൈബ്രിഡ് പതിപ്പും ഇന്ത്യയിത്തുമെന്നാണ് കരുതുന്നത്. 2019ൽ വിപണിയിലെത്തുന്ന വാഹനങ്ങളെ അടുത്ത വർഷം ആദ്യം ന്യൂഡൽഹിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ കമ്പനി പ്രദർശിപ്പിക്കും. യുറോപ്യൻ വിപണിയിലുള്ള നിറോ എസ്‌യുവിയിൽ 1.6 ലീറ്റർ എൻജിനും 1.56 കെ‍ഡബ്ല്യുഎച്ച് ലിഥിയം അയൺ ബാറ്ററിയുമാണ് ഉപയോഗിക്കുന്നത്. ഏകദേശം 147 ബിഎച്ച്പി കരുത്തും 147 എൻഎം ടോർക്കും നൽകും നിറോ. 2 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന സ്പോർട്ടേജിന് 153 ബിഎച്ച്പി കരുത്തും 192 എൻഎം ടോർക്കുമുണ്ടാകും. 12 മുതൽ 20 ലക്ഷം രൂപവരെയായിരിക്കും ഇരുവാഹനങ്ങളുടേയും വില.

Soul

ഇന്ത്യൻ വിപണിയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്ന് കഴിഞ്ഞ ഏപ്രിലിലാണു കിയ മോട്ടോഴ്സ് പ്രഖ്യാപിച്ചത്. പ്രതിവർഷം മൂന്നു ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള ശാലയ്ക്കായി 110 കോടി ഡോളർ (ഏകദേശം 7,185 കോടി രൂപ) ആണു കമ്പനി നിക്ഷേപിക്കുന്നത്. 2019ന്റെ പകുതിയോടെ കാർ ഉൽപ്പാദനം ആരംഭിക്കാൻ ലക്ഷ്യമിട്ടാണു ശാലയുടെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നാണു കിയ മോട്ടോഴ്സിന്റെ നിലപാട്. കിയ ശാലയ്ക്കു പുറമെ രാജ്യത്തെ ആദ്യ ലിഥിയം അയൺ ബാറ്ററി നിർമാണകേന്ദ്രവും ആന്ധ്രയിലാണ് വരിക.