2025ൽ ടൊയോട്ട ശ്രേണിയിൽ 10 വൈദ്യുത കാർ

Toyota EQ

മൂന്നു വർഷത്തിനകം 10 ബാറ്ററി, വൈദ്യുത കാർ മോഡലുകൾ പുറത്തിറക്കുമെന്ന് ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ. 2020 ആദ്യത്തോടെ ചൈനയിലാവും ഇത്തരം വാഹനങ്ങൾ തുടക്കത്തിൽ വിൽപ്പനയ്ക്കെത്തുകയെന്നും ടൊയോട്ട വ്യക്തമാക്കി. പിന്നീട് ജപ്പാൻ, ഇന്ത്യ, യു എസ്, യൂറോപ് തുടങ്ങിയ രാജ്യങ്ങളിലും ഇത്തരം വാഹനങ്ങൾ വിൽപ്പനയ്ക്കെത്തിക്കാനാണു ടൊയോട്ടയുടെ പദ്ധതി. 

ടൊയോട്ടയുടെയും ആഡംബര ബ്രാൻഡായ ലക്സസിന്റയും എല്ലാ മോഡലുകൾക്കും വൈദ്യുത വകഭേദം സാക്ഷാത്കരിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. അല്ലാത്ത പക്ഷം 2025 ആകുമ്പോഴേക്ക് ഇതിനു സമാനമായി  ബാറ്ററിയിൽ ഓടുന്ന മോഡൽ യാഥാർഥ്യമാക്കാനും ടൊയോട്ട ആലോചിക്കുന്നുണ്ട്. 

അന്തരീക്ഷ മലിനീകരണം ഗുരുതര വെല്ലുവിളി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ പരിസ്ഥിതി സൗഹൃദമായ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലോക രാജ്യങ്ങൾ കർശന നടപടികൾ പ്രഖ്യാപിച്ച സാഹചര്യമാണു വിവിധ വാഹന നിർമാതാക്കളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഇന്ത്യയിലും 2030 മുതൽ വൈദ്യുത വാഹനങ്ങൾ മാത്രം വിൽപ്പനയ്ക്കെത്തിക്കുകയെന്ന ലക്ഷ്യമാണു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.