വാഹനങ്ങളെ സ്നേഹിച്ച രത്തൻ ടാറ്റ എൺപതിന്റെ നിറവിൽ

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാർ‌, രത്തൻ ടാറ്റ കണ്ട ആ സ്വപ്നം 2008ൽ നാനോയിലൂടെ യാഥാർഥ്യമാകുമ്പോള്‍ ഇടത്തരക്കാരുടെ കാർ എന്ന സങ്കൽപ്പത്തിന് ഊർജം പകരുകയാണുണ്ടായത്. പൂർണ്ണമായും ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ എസ്‌യുവി, ആദ്യ പാസഞ്ചർ കാർ തുടങ്ങി ഇന്ത്യൻ വാഹനലോകത്തിന് പല ഉൾക്കാഴ്ചകളും സമ്മാനിച്ച രത്തൻ ടാറ്റയ്ക്ക് ഇന്ന് എൺപതാം പിറന്നാൾ. 2012 ൽ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനം വിട്ടൊഴിഞ്ഞെങ്കിലും ഇന്നും വ്യവസായ ലോകത്ത് സജീവമാണ് രത്തൻ ടാറ്റ.1962-ൽ ടാറ്റ സ്റ്റീലിൽ കരിയർ ആരംഭിച്ച അദ്ദേഹം, ടാറ്റ സൺ‌സിന്റെ നിരവധി സംരംഭങ്ങളെ ലാഭത്തിലെത്തിച്ചിട്ടുണ്ട്.

ജെആർഡി ടാറ്റയുടെ പിൻഗാമിയായി 1991 ലാണ് ടാറ്റയുടെ സാമ്രാജ്യത്തിന്റെ തലവനായി രത്തൻ ടാറ്റ എത്തുന്നത്. തുടർന്ന് 2012 വരെയുള്ള 21 വർഷത്തെ കാലയളവിൽ കമ്പനി നേടിയ വളർച്ച 50 ശതമാനത്തിലധികം. രത്തന്‍ 1991-ല്‍ ചുമതലയേറ്റെടുക്കുമ്പോള്‍ ഇന്ത്യയിലും ഒതുങ്ങിയിരുന്ന ടാറ്റയെ രാജ്യാന്തര വ്യവസായ ശൃംഖലയാക്കി മാറ്റിയത് രത്തൻ ടാറ്റയുടെ ബുദ്ധിയായിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും സമാന്തരമായിരുന്നു ടാറ്റയുടെ വളർച്ചയും.

രത്തൻ ടാറ്റയോടൊപ്പം തന്നെ തുടക്കം കുറിച്ച ടാറ്റ മോട്ടോഴ്സ് പാസഞ്ചർ കാർ വിഭാഗം രാജ്യത്തെ വാഹന വിപണിക്ക് പല മാറ്റങ്ങളുമാണ് സമ്മാനിച്ചത്. തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ പാസഞ്ചർ കാറായ ഇൻഡിക്കയും ആദ്യ എസ്‌യുവിയുമായ സഫാരിയും പുറത്തിറങ്ങുന്നത് രത്തൻ ടാറ്റയുടെ നേതൃത്വം വഹിക്കുമ്പോഴാണ്. അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഫോര്‍ഡില്‍ നിന്നും വാങ്ങിയ ടാറ്റ അതിനെ ലാഭത്തിലാക്കിമാറ്റി.

ഒരു വ്യാപാര സാമ്രാജ്യത്തിന്റെ മേധാവി എന്നതിൽ അധികമായി വീക്ഷണമുള്ള നേതാവായിരുന്നു രത്തൻ ടാറ്റ. ലോകത്തിലെ ഏറ്റവും ചിലവുകുറഞ്ഞ കാർ എന്ന സ്വപ്നം 2008 ൽ നാനോയിലൂടെ രത്തൻ ടാറ്റ യാഥാർഥ്യമാക്കി. ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ എന്ന സ്ഥാനത്തുനിന്ന് വിരമിച്ചെങ്കിലും ഗ്രൂപ്പിന്റേയും ടാറ്റ മോട്ടോഴ്സിന്റേയും ചാലക ശക്തിയായി എന്നും രത്തൻ ടാറ്റയുണ്ട്.