കാത്തിരിക്കാം ഈ മാരുതി കാറുകൾക്കായി

Maruti Cars

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വാഹന നിർമാതാക്കൾ ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, മാരുതി സുസുക്കി. വിപണിയുടെ 50 ശതമാനവും മാരുതിയുടെ കൈകളിലാണ്. വരും വർഷങ്ങൾ മാരുതിക്ക് തന്ത്രപ്രധാനമായിരിക്കും. കിയ, എംജി മോട്ടോഴ്സ്, പിഎസ്എ തുടങ്ങി രാജ്യാന്തര വിപണിയിലെ വമ്പന്മാർ മത്സരത്തിനായി എത്തുകയാണ്. എന്നാൽ തങ്ങളുടെ വിപണി വിഹിതം വർദ്ധിപ്പിക്കുന്നതിനായി മാരുതി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനായി ഇലക്ട്രിക് വാഹനങ്ങളടക്കം നിരവധി വാഹനങ്ങളുടെ പണിപ്പുരിയിലാണ് കമ്പനി. അടുത്ത വർഷം മാരുതി പുറത്തിറക്കുന്ന വാഹനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

മാരുതി സ്വിഫ്റ്റ്

മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനം സ്വിഫ്റ്റിന്റെ പുതിയ പതിപ്പ് ഫെബ്രുവരിയിൽ വിപണിയിലെത്തും. നിലവിൽ യുറോപ്പ്, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ വിപണികളിൽ പുതിയ സ്വിഫ്റ്റിനെ സുസുക്കി അവതരിപ്പിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ സ്വിഫ്റ്റിനെ അകത്തും പുറത്തും ചെറിയ മാറ്റങ്ങളുമായിട്ടാകും പുതിയ സ്വിഫ്റ്റ് എത്തുക. രാജ്യാന്തര വിപണിയിൽ സ്പോർട്സ്, ഹൈബ്രിഡ് പതിപ്പുകളുണ്ടെങ്കിലും തുടക്കത്തിൽ ഇന്ത്യയിൽ അത് എത്തിച്ചേക്കില്ല.

Swift

138 ബിഎച്ച്പി കരുത്തും 230 എൻഎം ടോർക്കുമുള്ള 1.4 ലീറ്റർ ബൂസ്റ്റർ ജെറ്റ് പെട്രോൾ എൻജിൻ രാജ്യാന്തര വിപണിയിൽ ഉണ്ടെങ്കിലും ഇന്ത്യയിൽ ബലേനൊ ആർഎസിലുടെ അരങ്ങേറ്റം കുറിച്ച 1 ലീറ്റർ ബൂസ്റ്റർജെറ്റ് എൻജിനാകും എത്തുക. 1.2 ലീറ്റർ പെട്രോൾ എൻജിനും 1.3 ലീറ്റർ ഡീസൽ എൻജിനും പുതിയ സ്വിഫ്റ്റിലുണ്ടാകും. മാരുതി 1.3 ലീറ്റർ എൻജിനു പകരം വികസിപ്പിച്ച 1.5 ലീറ്റർ ഡീസൽ എൻജിൻ സ്വിഫ്റ്റിലൂടെ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഇതേക്കുറിച്ച് സുസുക്കി ഇതുവരെ പ്രതികരിച്ചിട്ടില്ല.

വാഗൺ ആർ

ഏകദേശം ഒന്നര പതിറ്റാണ്ടായി ഇന്ത്യൻ വിപണിയിൽ വലിയ മാറ്റങ്ങളില്ലാതെ തുടരുന്ന വാഗൺ ആറിന്റെ പുതിയ പതിപ്പ് ഈ വർഷം മാരുതി വിപണിയിലെത്തിക്കും. നിലവിലുള്ള വാഹനത്തിൽ നിന്ന് പൂർണ്ണമായും മാറിയ ഡിസൈനാണ് പുതിയ വാഗൺ ആറിന്. ടോൾബോയ്, ബോക്സി ഡിസൈൻ ഫിലോസഫി തന്നെയാണ് തുടർന്നിരിക്കുന്നതെങ്കിലും വാഹനത്തെ കൂടുതൽ സ്പോർട്ടിയാക്കാൻ സുസുക്കി ശ്രമിച്ചിട്ടുണ്ട്.

WagonR

പുതിയ ഗ്രില്ലും ഹെഡ്‌ലൈറ്റും തുടങ്ങി ഓട്ടേറെ മാറ്റങ്ങൾ മുൻവശത്ത് വന്നിട്ടുണ്ട്. വീതി കൂടിയ ബി പില്ലറുകളാണ്. ആദ്യ കാഴ്ചയിൽ വാഹനത്തിന് വലിപ്പം വർദ്ധിച്ചിട്ടുണ്ട്. മുന്നിലെപ്പോലെ തന്നെ അടിമുടി മാറ്റം വന്നിട്ടുണ്ട് പിന്നിലും. ബംബറിനോട് ചേർന്നാണ് ടെയിൽ ലാമ്പിന്റെ സ്ഥാനം. ഇന്റീരിയറിലും ധാരാളം മാറ്റങ്ങളുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ചെറു ഹാച്ച് സെഗ്‍മെന്റിൽ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും പുതിയ സ്റ്റൈലൻ വാഹനങ്ങളുടെ ഭീഷണിയെ ചെറുത്തു നിൽക്കാനാണ് പുതിയ വാഗൺ ആർ.

എർടിഗ

Ertiga Dreza

മാരുതി സുസ്ക്കിയുടെ എംപിവി എർടിഗയുടെ പുതിയ മോഡലും ഈ വർഷം വിപണിയിലെത്തിയേക്കും. പുതിയ സ്വിഫ്റ്റിന്റെ അതേ  പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന എർടിഗയ്ക്ക് അകത്തും പുറത്തുമായി ധാരാളം മാറ്റങ്ങളുണ്ടാകും. ഇന്തോനേഷ്യൻ വിപണിയിലുള്ള എർടിഗയുടെ പ്രീമിയം മോഡലായ ഡ്രീസയോട് വാഹനത്തിന് കൂടുതൽ സാമ്യമുണ്ടാകും. പഴയ എൻജിനുകൾക്ക് പകരം പുതിയ 1.4 ലീറ്റർ പെട്രോൾ എൻജിനും 1.5 ലീറ്റർ‌ ഡീസൽ എൻജിനുമായിരിക്കും എർടിഗയിൽ.