പുതുവർണത്തിളക്കത്തിൽ ‘ഡൊമിനർ 400’

ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ക്രൂസർ ബൈക്കായ ‘ഡൊമിനിറി’നു രണ്ടു പുതിയ നിറക്കൂട്ടുകൾ വരുന്നു. പുതിയ ബ്ലാക്ക് — ഗോൾഡ് വർണ സങ്കലനമാണു ‘ഡൊമിനറി’നായി ബജാജ് തിരഞ്ഞെടുത്തിരിക്കുന്നതെന്നാണു സൂചന. അടുത്തയിടെ നിരത്തിലെത്തിയ സാറ്റിൻ ബ്ലാക്ക് നിറത്തിനൊപ്പം സ്വർണ വർണമുള്ള വീലുകളും ലഭ്യമാക്കുന്നുണ്ട്. റേസിങ്ങിന്റെ പകിട്ടുള്ള ചുവപ്പ് നിറത്തിലും ഇനി മുതൽ ‘ഡൊമിനർ’ വിൽപ്പനയ്ക്കുണ്ടാവും; ഇതിലും വീലുകൾക്ക് സ്വർണ വർണം തന്നെയാവും. കൂടാതെ സ്വർണ വർണമുള്ള വീലോടെ ലൈറ്റ് ബ്ലൂ ഷേഡിലും ‘ഡൊമിനർ’ ലഭിക്കും.

നിറങ്ങൾക്കപ്പുറം ‘2018 ഡൊമിനറി’ൽ മറ്റു മാറ്റമൊന്നുമില്ല; വ്യത്യസ്ത ട്യൂണിങ്ങുമായി ‘കെ ടി എം 390 ഡ്യൂക്കി’ൽ നിന്നു കടമെടുത്ത 373 സി സി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്റ്റഡ് എൻജിനാണു ബൈക്കിനു കരുത്തേകുന്നത്. ഈ ലിക്വിഡ് കൂൾഡ് എൻജിന് 8,000 ആർ പി എമ്മിൽ 34.5 ബി എച്ച് പി വരെ കരുത്തും 6,500 ആർ പി എമ്മിൽ 35 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. മുന്നിൽ പരമ്പരാഗത രീതിയിലുള്ള 43 എം എം ടെലിസ്കോപിക് ഫോർക്കും പിന്നിൽ അഡ്ജസ്റ്റബ്ൾ മോണോ ഷോക്കുമാണു സസ്പെൻഷൻ. 

എൽ ഇ ഡി ഹെഡ്ലാംപും ടെയിൽ ലാംപുമാണു ബൈക്കിലുള്ളത്. സാധാരണ എൽ സി ഡി സ്ക്രീനിനെ അപേക്ഷിച്ച് കൂടുതൽ വ്യക്തതയുള്ള റിവേഴ്സ് എൽ സി ഡി സ്ക്രീനും ‘ഡൊമിനർ 400’ ബൈക്കിന്റെ സവിശേഷതയായി ബജാജ് അവതരിപ്പിക്കുന്നു. സ്പീഡോമീറ്റർ, ഓഡോമീറ്റർ, ഫ്യുവൽ ഗേജ്, ആർ പി എം മീറ്റർ തുടങ്ങിയവയാണ് ഇൻസ്ട്രമെന്റ് ക്ലസ്റ്ററിലുള്ളത്. ഓപ്ഷൻ വ്യവസ്ഥയിൽ എ ബി എസും ബൈക്കിൽ ബജാജ് ലഭ്യമാക്കുന്നുണ്ട്. 

സാധാരണ നിറങ്ങളെ അപേക്ഷിച്ച് 5,000 — 7,000 രൂപ അധിക വില ഈടാക്കിയാണു ബജാജ് പുതിയ സാറ്റിൻ ബ്ലാക്ക്/ഗോൾഡ് സ്കീം ലഭ്യമാക്കിയിരുന്നത്. അതിനാൽ ‘ഡൊമിനറി’ന്റെ പുതിയ നിറക്കൂട്ടുകൾക്കും അധിക വില നൽകേണ്ടി വരുമെന്നാണു സൂചന. പുതിയ നിറങ്ങളിലുള്ള ‘ഡൊമിനറി’നുള്ള ബുക്കിങ്ങുകൾ ബജാജ് ഡീലർഷിപ്പുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.