‘ചട്ടി’ ഹെൽമെറ്റുകൾ പൊലീസ് പിടിച്ചെടുക്കുന്നു

Image Source- Twitter

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ക്കൊപ്പം ഹാഫ്-ഫെയ്‌സ്, ഓപ്പണ്‍-ഫെയ്‌സ് ഹെല്‍മറ്റുകള്‍ പിടിച്ചെടുത്ത് കർണാടക പൊലീസ്. സുരക്ഷിതമല്ലാത്ത ഹെൽമെറ്റുകൾക്കെതിരെ കർശന നടപടിയുമായി മുന്നോട്ട് പോകുകയാണ് കർണാടക പൊലീസ്. ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ വ്യാപകമാകുന്നതിനെ തുടർന്നാണ് ഹെല്‍മറ്റ് വേട്ട കര്‍ശനമാക്കുന്നത്.

ഐഎസ്ഐ മുദ്രയില്ലാത്ത ഹെൽമെറ്റുകൾ ധരിക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നെന്നും. ഇത് പാലിക്കാത്തവരുടെ ഹെൽമെറ്റ് പിടിച്ചെടുക്കുമെന്നും പിഴ ഈടാക്കുമെന്നുമാണ് പൊലീസ് പറയുന്നത്. ഇത്തരത്തിൽ നിരവധി ഹെൽമെറ്റുകൾ പൊലീസ് നശിപ്പിച്ചുകഴിഞ്ഞു. തുടക്കത്തിൽ ബാംഗ്ലൂർ, മൈസൂർ നഗരങ്ങളിലാണ് പരീശോധന കർശനമാക്കുന്നത്. തുടർന്ന് പരിശോധന സംസ്ഥാന വ്യാപകമാക്കാനും പദ്ധതിയുണ്ട്.

ഹെൽമെറ്റ് എന്തിന്?

ചെറിയ വീഴ്ചകളിൽ നിന്നും, ചെറിയ ആഘാതങ്ങളിൽ നിന്നും രക്ഷപെടാനുതകുന്ന രീതിയിലാണ് നമ്മുടെ ശരീരത്തിന്റെ നിർമ്മിതി. എന്നാൽ വേഗതയുടെ ഈ കാലഘട്ടത്തിൽ വീഴ്ചകളും അവ ഉണ്ടാക്കുന്ന ആഘാതങ്ങളും വളരെ വലുതാണ്. പതുക്കെയാണ് സഞ്ചരിക്കുന്നത് അപകടം സംഭവിച്ചാലും വലിയ പരിക്കുകൾ പറ്റില്ല എന്ന് കരുതി ഹെൽമെറ്റ് വെയ്ക്കാതിരിക്കുന്നത് ശരിയല്ല. എന്നാൽ കുറഞ്ഞ വേഗതയിൽ സഞ്ചരിച്ചാലും ഇരുചക്രവാഹനത്തിൽ നിന്ന് തലയിടിച്ചു വീഴുമ്പോഴുണ്ടാകുന്ന ആഘാതം വലുതു തന്നെയാണ്. 

55 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുക എന്നാൽ ഒരു സെക്കന്റിൽ 49 അടി സഞ്ചരിക്കുന്നു എന്നാണ്. അതായത് 55 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കുന്ന ഒരു ബൈക്കിൽ നിന്നു വീഴുന്നതും നാലാം നിലയുടെ മുകളിൽ നിന്നു ചാടുന്നതും ഒരേ ആഘാതം സൃഷ്ടിക്കും. ഒരാൾക്ക് ഹെൽമെറ്റ് ധരിക്കാതിരിക്കാൻ ആയിരക്കണക്കിന് കാരണങ്ങൾ ഉണ്ടാകും. എന്നാൽ അതെല്ലാം പാഴ്‌വാദങ്ങളാകാൻ ഈ ഒറ്റകാര്യം മനസിലാക്കിയാൽ മതി.

എങ്ങനെ നല്ല ഹെൽമെറ്റ് തിരഞ്ഞെടുക്കാം

ഓരോ രാജ്യത്തിന്റെയും ഹെൽമെറ്റ് സ്റ്റാൻഡേർഡ്‌സ് വ്യത്യസ്തമാണ്. ഇന്ത്യയിൽ ഐഎസ്‌ഐ മാർക്ക് ഹെൽമെറ്റിൽ രേഖപ്പെടുത്തിയിരിക്കണമെന്നത് നിർബന്ധമാണ്. അംഗീകൃത ഡീലർമാരിൽ നിന്നുമാത്രം ഹെൽമെറ്റ് വാങ്ങുക. ഇന്ത്യയിൽ 150 ലേറെ റജിസ്‌ട്രേഡ് ഹെൽമെറ്റ് കമ്പനികളുണ്ട്. 800 മുതൽ ലക്ഷങ്ങൾ വരെ വിലവരുന്ന ഹെൽമെറ്റുകൾ ഈ കമ്പനികൾ പുറത്തിറക്കുന്നുണ്ട്. ഏറ്റവും വില കുറഞ്ഞ ഹെൽമെറ്റ് നോക്കിയെടുക്കാതെ ഗുണനിലവാരം നോക്കി മാത്രം വാങ്ങാൻ ശ്രദ്ധിക്കുക. ഒരിക്കലും വഴിയോര കച്ചവടക്കാരിൽ നിന്ന് ഹെൽമെറ്റുകൾ വാങ്ങരുത്. പൊലീസിൽ നിന്നുള്ള രക്ഷപ്പെടലാണോ ജീവിതമാണോ വലുത് എന്ന് സ്വയം ആലോചിക്കുക.

മുഖം മുഴുവൻ മൂടുന്ന ഹെൽമെറ്റാണ് ഏറ്റവും നല്ലത്. ഇത് വീഴ്ചയിൽ തലയെ മാത്രമല്ല താടി എല്ലുകളെയും സംരക്ഷിക്കും. ശരിയായ ഐഎസ്‌ഐ മാർക്കുള്ള എല്ലാ ഹെൽമെറ്റും സുരക്ഷിതമാണ്. മൂന്നു വർഷത്തിൽ ഒരിക്കൽ പുതിയ ഹെൽമെറ്റ് വാങ്ങിക്കുകയായിരിക്കും ഉചിതം. ഒരിക്കല്‍ ജീവന്‍ രക്ഷിച്ചുവെന്നുള്ള പരിഗണനയൊന്നും ഉപയോഗിച്ച ഹെല്‍മെറ്റിനോട് ആവശ്യമില്ല, വീഴ്ചയുടെ ആഘാതം വലിച്ചെടുത്ത ഹെല്‍മെറ്റിന് ആന്തരികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകും. ഒറ്റ നോട്ടത്തില്‍ അതു മനസിലാക്കാനാകില്ല. അതുകൊണ്ടുതന്നെ അപകടത്തില്‍ പെട്ട ഹെല്‍മെറ്റ് ഉപേക്ഷിച്ച് പുതിയതും വാങ്ങുകതന്നെ വേണം.