Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ഹെൽമറ്റുകൾക്ക് ഭാരം കുറയുന്നു

Bunker Rack Helmet Bunker Rack Helmet

രാജ്യത്തെ മോട്ടോർ സൈക്കിൾ ഹെൽമറ്റുകൾക്കു പുത്തൻ നിലവാരവുമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ്(ബി ഐ എസ്). 2019 ജനുവരി മുതൽ ഹെൽമറ്റുകളുടെ പരമാവധി ഭാരം ഇപ്പോഴത്തെ ഒന്നര കിലോഗ്രാമിനു പകരം 1.2 കിലോഗ്രാമായി കുറയ്ക്കണമെന്നാണു വ്യവസ്ഥ ചെയ്തിരിക്കുന്നത്. ബി ഐ എസ് നിലവാരം പാലിക്കാത്ത ഹെൽമറ്റുകളുടെ വിൽപ്പന കുറ്റകരമാണെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കുന്നു.

മോട്ടോർ സൈക്കിൾ ഓടിക്കുന്നവരുടെ മാത്രം ഉപയോഗത്തിനു മാത്രമുള്ള പുതിയ ഹെൽമറ്റുകളാവും അടുത്ത വർഷം മുതൽ വിപണിയിലെത്തുക. ഇതോടെ വ്യാവസായിക ആവശ്യത്തിനായി നിർമിക്കുന്ന, ഐ എസ് ഐ മുദ്രയുള്ള ഹെൽമറ്റുകൾ ഇരുചക്രവാഹന യാത്രികർ ഉപയോഗിക്കുന്ന രീതിക്കും അവസാനമാവുമെന്നാണു പ്രതീക്ഷ.  പുതിയ നിലവാരമുള്ള ഹെൽമറ്റുകൾ വിപണിയിലെത്തുന്നതു റോഡ് അപകടങ്ങളിലെ മരണനിരക്ക് കുറയ്ക്കാൻ സഹായകമാവുമെന്ന് ഐ എസ് ഐ ഹെൽമറ്റ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രാജീവ് കപൂർ അഭിപ്രായപ്പെട്ടു. കൃത്രിമം തടയാനും നിലവാരമില്ലാത്തെ ഹെൽമറ്റുകളുടെ പാതയോര വിൽപ്പന തടയാനുമൊക്കെ പുതിയ വ്യവസ്ഥകൾ വഴി തെളിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

പുത്തൻ ഹെൽമറ്റുകൾക്ക് ഭാരം കുറവാകുമെന്നല്ലാതെ ഇവയുടെ ഗുണനിലവാര പരിശോധനയെക്കുറിച്ചുള്ള വിശദാംശങ്ങൾ ബി ഐ എസ് പുറത്തുവിട്ടിട്ടില്ല. ഹെൽമറ്റിന്റെ ഭാരം കുറയുന്നതോടെ കൂടുതൽ ബൈക്ക് യാത്രികർ ഇവ ഉപയോഗിക്കാൻ സന്നദ്ധരമാവുമെന്നാണു പ്രതീക്ഷ. ഒപ്പം ഭാരത്തിലെ കുറവ് ഹെൽമറ്റിന്റെ ഗുണമേന്മയെ ബാധിക്കില്ലെന്നും നിർമാതാക്കളുടെ അസോസിയേഷൻ കരുതുന്നു.

വിദേശത്തെ പ്രമുഖ ടെസ്റ്റിങ് ഏജൻസികളായ ഡി ഒ ടി, ഇ സി ഇ, സ്നെൽ, ഷാർപ് തുടങ്ങിയവയുടെ അംഗീകാരത്തോടെ വിപണിയിലെത്തുന്ന രാജ്യാന്തര ബ്രാൻഡിലുള്ള ഹെൽമറ്റുകൾക്ക് 1.3 കിലോഗ്രാം മുതൽ 1.5 കിലോഗ്രാം വരെയാണു ഭാരം. പോരെങ്കിൽ രാജ്യാന്തര നിലവാരം പാലിച്ചു തന്നെ വിപണിയിലെത്തുന്ന ചില ഹെൽമറ്റുകളുടെ ഭാരം 1.2 കിലോഗ്രാം മാത്രവുമാണ്. അതേസമയം ഗുണമേന്മയേറിയ കോംപസിറ്റ് വസ്തുക്കളും കാർബൺ ഫൈബറും ഉപയോഗിച്ചാണു നിർമാണമെന്നതിനാൽ ഇത്തരം ഹെൽമറ്റുകൾക്ക് കനത്ത വിലയുമാണ്.