Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐ എസ് ഐ മുദ്ര ഇല്ലാത്ത ‘ചട്ടി’ ഹെൽമറ്റുകൾക്ക് നിരോധനം

helmet Image Source- Twitter

ഗുണനിലവാരം സൂചിപ്പിക്കുന്ന ‘ഐ എസ് ഐ’ മുദ്രയില്ലാത്ത ഹെൽമറ്റുകൾക്ക് രാജ്യത്ത് നിരോധനം വരുന്നു. ആറു മാസത്തിനകം ഇത്തരം ഹെൽമറ്റുകളുടെ വിൽപ്പന രാജ്യവ്യാപകമായി വിലക്കുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ്(ബി ഐ എസ്) ആണു സുപ്രീം കോടതിയുടെ റോഡ് സുരക്ഷാ പാനലിനെ അറിയിച്ചത്. ‘ഐ എസ് ഐ’ മുദ്രയുള്ള ഹെൽമറ്റ് നിർമാതാക്കളുടെ സംഘടനയായ ഐ എസ് ഐ ഹെൽമറ്റ് അസോസിയേഷൻ(ഐ എസ് ഐ എച്ച് എ) ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. വർഷാവസാനത്തോടെ ഐ എസ് ഐ മുദ്രയില്ലാത്ത ഹെൽമറ്റുകളുടെ വിൽപ്പന കുറ്റമായി മാറുമെന്ന പ്രതീക്ഷയിലാണു സംഘടന.

രാജ്യത്തെ ഇരുചക്രവാഹന യാത്രികർ ഉപയോഗിക്കുന്ന ഹെൽമറ്റുകളിൽ 75 മുതൽ 80% വരെ ഗുണനിലവാരമില്ലാത്തവക്കയും ഐ എസ് ഐ മുദ്രയില്ലാത്തവയുമാണെന്ന് ഐ എസ് ഐ ഹെൽമറ്റ് നിർമാതാക്കളുടെ സംഘടന പ്രസിഡന്റ് രാജീവ് കപൂർ അഭിപ്രായപ്പെട്ടു. കുറഞ്ഞു വിലയ്ക്കു ലഭിക്കുമെന്നതിനാൽ സുരക്ഷ അവഗണിച്ചും പലരും ഇത്തരം ഗുണനിലവാരം കുറഞ്ഞ ഹെൽമറ്റുകൾ വാങ്ങി ഉപയോഗിക്കുകയാമെന്ന് അദ്ദേഹം വിശദീകരിച്ചു. 

ഐ എസ് ഐ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാൽ ഹെൽമറ്റ് നിർമിക്കാൻ 300 — 400 രൂപ ചെലവാകും. അതുകൊണ്ടുതന്നെ ഈ നിലവാരമുള്ള ഹെൽമറ്റുകൾ 300 രൂപയിൽ താഴെ വിലയ്ക്കു വിൽക്കുക അസാധ്യമാണെന്നു കപൂർ വ്യക്തമാക്കി. വിലയിലെ ആനൂകൂല്യമെന്ന ഒറ്റക്കാരണത്താലാണു വിപണിയിൽ ഗുണനിലവാരമില്ലാത്ത ഹെൽമറ്റുകൾക്കു സ്വീകാര്യത ലഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി ഹെൽമറ്റുകൾക്ക് ബി ഐ എസ് നിലവാരം കർശനമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. പ്രതിവർഷം ഒൻപതു കോടിയോളം ഹെൽമറ്റുകളാണ് ഇന്ത്യയിൽ വിറ്റഴിയുന്നത്.