Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി സെലേറിയൊ എക്സിനോട് മത്സരിക്കാൻ ‘ഗോ ക്രോസ്’

go-cross Go Cross Concept

അടുത്ത മാസം ഒൻപതിനു ഡൽഹിയിൽ ആരംഭിക്കുന്ന ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുമെന്നു കരുതുന്ന ‘ഗോ ക്രോസ്’ ഈ 18ന് ജക്കാർത്തയിൽ അനാവരണം ചെയ്യുമെന്നു ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോർ ഇന്തൊനീഷ. ഇന്ത്യയിലെത്തുമ്പോൾ ഈ ക്രോസോവറിന്റെ പേര് ‘ഗോ ക്രോസി’നു പകരം ‘ക്രോസ്’ എന്നാവുമെന്നാണു സൂചന.

ഐതിഹാസികമായ ബ്രാൻഡ് മൂല്യത്തിന്റെയും ഇന്തൊനീഷയിലെ ഉപയോക്താക്കളോടു ഡാറ്റ്സനുള്ള പ്രതിബദ്ധതയുടെയും സംഗമമാണ് പുതിയ ‘ക്രോസ്’ എന്നു നിസ്സാൻ മോട്ടോർ ഇന്തൊനീഷ പ്രസിഡന്റ് ഡയറക്ടർ എലിചി കൊയ്റ്റൊ അഭിപ്രായപ്പെട്ടു. തകർപ്പൻ രൂപകൽപ്പനയുടെയും അത്യാധുനിക സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും അകമ്പടിയോടെയാണ് പുതുതലമുറ കോംപാക്ട് ക്രോസോവറായ ‘ഗോ ക്രോസി’ന്റെ വരവെന്നും അദ്ദേഹം അവകാശപ്പെട്ടു. 

ഇന്ത്യയിൽ 2014 ഓട്ടോ എക്സ്പോയിൽ തന്നെ നിസ്സാൻ ‘ഗോ ക്രോസ് കൺസപ്റ്റ്’ പ്രദർശിപ്പിച്ചിരുന്നു. ഈ മാതൃകയിൽ നിന്നു കാര്യമായ വ്യത്യാസമില്ലാതെയാണ് ‘ക്രോസ്’ ഉൽപ്പാദനസജ്ജമായിരിക്കുന്നതെന്നാണു സൂചന. അല്ലറ ചില്ലറ പരിഷ്കാരങ്ങളോടെ നിലവിലുള്ള ‘ഡാറ്റ്സൻ ഗോ’ ശ്രേണിയുടെ പ്ലാറ്റ്ഫോം തന്നെയാണു ‘ക്രോസി’ന്റെയും അടിത്തറ. പ്രൊജക്ടർ ബീം സഹിതമുള്ള ആക്രമണോത്സുക ഹെഡ്ലാംപ്, എൽ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപ് എന്നിവയ്ക്കൊപ്പം വലിപ്പമേറിയ ഫോഗ് ലാംപും കാറിലുണ്ടാവും. ‘ഗോ’യെ അപേക്ഷിച്ച് ഗ്രൗണ്ട് ക്ലിയറൻസ് വർധിക്കുമെന്നതിന പുറമെ കൂടുതൽ ദൃഢതയ്ക്കായി ബോഡി ക്ലാഡിങ്ങും ‘ക്രോസി’ലുണ്ടാവും.

‘ഗോ’യ്ക്കും ‘ഗോ പ്ലസി’നും കരുത്തേകുന്ന 1.2 ലീറ്റർ പെട്രോൾ എൻജിൻ തന്നെയാവും ‘ക്രോസി’ലും ഇടംപിടിക്കുക; 68 പി എസ് വരെ കരുത്താവും ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണു ഗീയർബോക്സ്. മികച്ച സുരക്ഷയ്ക്കായി ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷനും ഇരട്ട എയർബാഗുമൊക്കെ കാറിന്റെ മുന്തിയ വകഭേദങ്ങളിൽ പ്രതീക്ഷിക്കാം. ഇന്ത്യയിൽ മഹീന്ദ്ര ‘കെ യു വി 100’, മാരുതി സുസുക്കി ‘സെലേറിയൊ എക്സ്’ തുടങ്ങിയവയോടാവും ‘ക്രോസി’ന്റെ മത്സരം.