ഷിം എത്തുന്നു; ഇന്ത്യയിൽ കിയയെ നയിക്കാൻ

KIA

ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോറിന്റെ സഹസ്ഥാപനമായ കിയ മോട്ടോഴ്സിന്റെ ഇന്ത്യൻ മേധാവിയായി കൂഖ്യുൻ ഷിം നിയമിതനായി. കിയ മോട്ടോഴ്സ് ഇന്ത്യ(കെ എം ഐ) മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി ഉടനടി പ്രാബല്യത്തോടെയാണു ഷിം നിയമിതനായത്.

കിയയുടെ ഇന്ത്യൻ വിപണി പ്രവേശം മുമ്പു നിശ്ചയിച്ച സമയക്രമ പ്രകാരം നടപ്പാവുന്നെന്ന് ഉറപ്പാക്കുകയാണു ഷിമ്മിന്റെ പ്രഥമ ദൗത്യം. ഒപ്പം ആന്ധ്ര പ്രദേശിൽ കിയ മോട്ടോഴ്സ് സ്ഥാപിക്കുന്ന നിർമാണശാലയുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടവും അദ്ദേഹത്തിനാവും. ഇന്ത്യയിലെ കാർ നിർമാണത്തിനും വിപണനത്തിനുമൊക്കെയായി 110 കോടി ഡോളർ(ഏകദേശം 6977.47 കോടി രൂപ) ആണു കിയ മോട്ടോഴ്സ് നിക്ഷേപിക്കുക.

വാഹന വ്യവസായ മേഖലയിൽ മൂന്നു പതിറ്റാണ്ടിലേറെ നീളുന്ന പ്രവർത്തന പരിചയവുമായാണു ഷിം(58) ഇന്ത്യയിൽ കിയ മോട്ടോഴ്സിന്റെ നേതൃപദം ഏറ്റെടുക്കുന്നത്. നിലവിൽ കിയ മോട്ടോഴ്സ് ജോർജിയ പ്ലാന്റ് കോഓർഡിനേഷൻ ഗ്രൂപ്പിൽ നിർമാണവിഭാഗം മേധാവിയായിരുന്നു ഷിം. അതിനു മുമ്പ് സ്ലൊവാക്യയിലെ കിയ പ്രൊഡക്ഷനിൽ ഹെഡ് കോഓർഡിനേറ്ററുമായിരുന്നു. 

കമ്പനിയുടെ ഇന്ത്യൻ ഉപസ്ഥാപനത്തിന്റെ എം ഡിയും സി ഇ ഒയുമായി കൂഖ്യുൻ ഷിമ്മിനെ നിയമിക്കുന്നതിൽ ആഹ്ലാദമുണ്ടെന്ന് കിയ മോട്ടോഴ്സ് കോർപറേഷൻ പ്രസിഡന്റ് ഹാൻ വൂ പാർക്ക് അഭിപ്രായപ്പെട്ടു. കിയയുടെ കാറുകൾക്ക് വിപുല സാധ്യതയുള്ള പ്രധാന വിപണിയായാണു കമ്പനി ഇന്ത്യയെ പരിഗണിക്കുന്നത്. ആഗോളതലത്തിൽ തന്നെ വലിയ വിപണികളിലൊന്നായ ഇന്ത്യയിൽ ഷിമ്മിന്റെ നേതൃത്വത്തിൽ ശരിയായ ദിശയിൽ പ്രവർത്തിച്ചു തുടങ്ങാൻ കിയയ്ക്കു കഴിയുമെന്നും  അദ്ദേഹം പ്രത്യാശിച്ചു. 

ഇന്ത്യൻ വിപണിക്കായി വിപുല പദ്ധതികളാണ് കിയ മോട്ടോഴ്സ് തയാറാക്കുന്നതെന്ന് കൂഖ്യുൻ ഷിം അഭിപ്രായപ്പെട്ടു. കുതിക്കാനൊരുങ്ങുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ പിൻബലത്തിൽ ഈ വിപണിയിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ ആവേശമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. 2021 ആകുമ്പോഴേക്ക് ആഗോള കാർ വിപണികളിൽ മൂന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ഇന്ത്യ മുന്നേറുന്നത്. അതുകൊണ്ടുതന്നെ വിദേശ കാർ ബ്രാൻഡുകളെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാന വിപണിയാണ് ഇന്ത്യയെന്നും അദ്ദേഹം വിലയിരുത്തി.