ടാറ്റ വാണിജ്യ വാഹനങ്ങൾക്ക് 6 വർഷ വാറന്റി

വാണിജ്യ വാഹനങ്ങൾക്ക് ആറു വർഷ വാറന്റി വാഗ്ദാനവുമായി ടാറ്റ മോട്ടോഴ്സ്. മീഡിയം, ഹെവി വിഭാഗത്തിൽപെട്ട വാണിജ്യ വാഹനങ്ങൾക്കെല്ലാം ഇനി മുതൽ വാറന്റി കാലപരിധി ആറു വർഷമാവുമെന്നാണു കമ്പനിയുടെ പ്രഖ്യാപനം.

മൾട്ടി ആക്സിൽ ട്രക്കിനും ടിപ്പറിനും ട്രാക്ടർ ട്രെയ്ലറിനുമടക്കം മീഡിയം, ഹെവി വാണിജ്യ വാഹന ശ്രേണിക്കു സമ്പൂർണമായി ആറു വർഷം നീളുന്ന ഡ്രൈവ്ലൈൻ വാറന്റിയാണു കമ്പനി ലഭ്യമാക്കുന്നതെന്നു ടാറ്റ മോട്ടോഴ്സ് വിശദീകരിച്ചു. ഇത്തരത്തിൽ ദീർഘകാല വാറന്റി ഉറപ്പുനൽകുന്ന രാജ്യത്തെ ആദ്യ നിർമാതാവുമാണു ടാറ്റ മോട്ടോഴ്സെന്നു കമ്പനി അവകാശപ്പെടുന്നു. 

എൻജിനും ഗീയർ ബോക്സും പിൻ ആക്സിലുമുൾപ്പെടുന്ന ഡ്രൈവ്ലൈനിനുള്ള വാറന്റി സ്റ്റാൻഡേഡ് വ്യവസ്ഥയിലാണു ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കുന്നത്. അതേസമയം വാണിജ്യ വാഹനങ്ങൾക്കു മൊത്തത്തിലുള്ള വാറന്റി കാലാവധി 24 മാസത്തിൽ നിന്ന് 36 മാസമായി ഉയർത്തിയിട്ടുമുണ്ട്. 

വാഹന വ്യവസായത്തിൽ ഇതാദ്യമായി ആറു വർഷ വാറന്റി വാഗ്ദാനം ചെയ്യുന്തനിൽ ആഹ്ലാദമുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹന ബിസിനസ് യൂണിറ്റ് മേധാവി ഗിരീഷ് വാഗ് അഭിപ്രായപ്പെട്ടു. കമ്പനിയുടെ ഇടത്തരം, ഭാര വാണിജ്യ വാഹന ശ്രേണിക്കു പൂർണമായി തന്നെ ഈ പുതിയ പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൂടാതെ വാർഷിക പരിപാലന കരാറുകൾ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങളും ഇളവുകളും കമ്പനി ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. 

രാജ്യത്ത് നിലവിൽ ഉപയോഗത്തിലുള്ള 20 ലക്ഷത്തോളം ടാറ്റ ട്രക്കുകളെക്കുറിച്ചും ടിപ്പറുകളെക്കുറിച്ചും വിശദ പഠനം നടത്തിയാണ് ടാറ്റ മോട്ടോഴ്സ് ആറു വർഷ കാലാവധിയുള്ള സ്റ്റാൻഡേഡ് ഡ്രൈവ്ലൈൻ വാറന്റി അവതരിപ്പിച്ചിരിക്കുന്നത്. കമ്പനിയെ വിവരം അറിയിക്കുന്ന പക്ഷം ട്രക്കുകൾ കൈമാറ്റം ചെയ്ത ശേഷം പുതിയ ഉടമസ്ഥനും ഈ ദീർഘിപ്പിച്ച വാറന്റിയുടെ ആനുകൂല്യം ലഭിക്കുമെന്നാണു ടാറ്റ മോട്ടോഴ്സിന്റെ വാഗ്ദാനം.