ആധിപത്യം ഉറപ്പിക്കാൻ മാരുതിയുടെ ചെറു എസ്‌ യു വി കൺസെപ്റ്റ്

Concept FutureS

പുതുതലമുറ വാഹനങ്ങൾക്ക് ഉർജ്ജം പകരുന്ന ഡിസൈൻ കൺസെപ്റ്റുമായി മാരുതി സുസുക്കി. കോംപാക്റ്റ് ഫ്യുച്ചർ എസ് എന്നു പേരിട്ടിരിക്കുന്ന കൺസെപ്റ്റിന്റെ ആദ്യ ചിത്രങ്ങളാണു മാരുതി പുറത്തു വിട്ടിരിക്കുന്നത്. അടുത്തമാസം ആദ്യം നടക്കുന്ന ന്യൂഡൽഹി ഓട്ടോഎക്സ്പൊയിൽ കമ്പനി പ്രദർശിപ്പിക്കും. ഇതിനു മുന്നോടിയായാണു കൺപെസ്റ്റിന്റെ ആദ്യ ചിത്രങ്ങൾ കമ്പനി പുറത്തിറക്കിയത്.

ചെറു എസ്‌ യു വി സെഗ്‌മെന്റിലായിരിക്കും മാരുതിയുടെ പുതിയ കാർ മൽസരിക്കാനെത്തുക. മാരുതിയുടെ കോംപാക്റ്റ് എസ്‍‌യുവിയായ വിറ്റാര ബ്രെസയെക്കാൾ വില കുറവായിരിക്കും പുതിയ ചെറു വാഹനത്തിനെന്നാണു മാരുതി നൽകുന്ന സൂചന. എസ്‌യുവികളെ അനുസ്മരിപ്പിക്കുന്ന ബോക്സ് കൺസെപ്റ്റിലുള്ള ഡിസൈൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, മസ്കുലറായ ബോഡി എന്നിവയായിരിക്കും പുതിയ കാറിന്. 

പുതിയ സ്വിഫ്റ്റ് നിർമിക്കുന്ന മാരുതിയുടെ പുതുതലമുറ പ്ലാറ്റ്ഫോമിലായിരിക്കും പുതിയ വാഹനത്തിന്റെ നിർമാണം. എൻട്രി ലെവൽ എസ്‌യുവി സെഗ്‌മെന്റ് സൃഷ്ടിച്ച് അതിൽ  ഫ്യുച്ചർ എസിന്റെ അരങ്ങേറ്റം കുറിക്കാനായിരിക്കും മാരുതി ശ്രമിക്കുക. 1.2 ലീറ്റർ പെട്രോൾ എൻജിൻ കൂടാതെ മാരുതി വികസിപ്പിക്കുന്ന പുതിയ 1.5 ലീറ്റർ ഡീസൽ എൻജിനും വാഹനത്തിലുണ്ടാകും. 2019 ൽ പുതിയ ചെറു എസ് യു വി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.