ബജാജ് ബൈക്കുകൾക്ക് സൗജന്യ ഇൻഷുറൻസ്

Bajaj V12

പുതുവർഷത്തിൽ തിരഞ്ഞെടുത്ത മോട്ടോർ സൈക്കിളുകൾക്ക് ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസുമായി ബജാജ് ഓട്ടോ ലിമിറ്റഡ്. 1,300 മുതൽ 2,000 രൂപ വരെ പ്രീമിയമുള്ള ഇൻഷുറൻസ് പോളിസികൾ 10 മോഡലുകൾക്കൊപ്പമാണു ബജാജ് സൗജന്യമായി വാഗ്ദാനം ചെയ്യുന്നത്. ‘പ്ലാറ്റിന’, ‘ഡിസ്കവർ 125’(ഡ്രം, ബ്രേക്ക് പതിപ്പുകൾ), ‘വി 12’, ‘വി 15’, ‘അവഞ്ചർ 150 സ്ട്രീറ്റ്’, ‘പൾസർ 135’, ‘പൾസർ 150’, ‘പൾസർ 180’, ‘പൾസർ എൻ എസ് 160’ എന്നിവ വാങ്ങുന്നവർക്കാണ് ആദ്യ വർഷത്തെ ഇൻഷുറൻസ് സൗജന്യമായി ലഭിക്കുക. ജനുവരി 15 വരെയാണു പദ്ധതി പ്രാബല്യത്തിലുണ്ടാവുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

പുതിയ ‘പ്ലാറ്റിന’ വാങ്ങുന്നവർക്ക് സൗജന്യ ഇൻഷുറൻസിലൂടെ 1,300 രൂപയുടെ ലാഭമാണു ലഭിക്കുക. ‘ഡിസ്കവർ 125’ ബൈക്കിന്റെ ഇൻഷുറൻസ് പ്രീമിയം 1,400 രൂപയാണ്. ‘വി 12’, ‘വി 15’ ബൈക്കുകളുടെ ഇൻഷുറൻസ് ചെലവ് 1,500 രൂപയാണ്. ‘പൾസർ 135’ മോഡലിന്റെ ഇൻഷുറൻസിന് 1,500 രൂപയും ‘150’ മോഡലിന് 1,700 രൂപയും ‘180 പൾസറി’ന് 2,000 രൂപയുമാണു ചെലവ്.  ‘അവഞ്ചർ 150 സ്ടീറ്റി’ന്റെ ഇൻഷുറൻസിന് 1,700 രൂപ മുടക്കണം. ‘പൾസർ എൻ എസ് 160’ ബൈക്കിന്റെ ഒരു വർഷത്തെ ഇൻഷുറൻസ് ചെലവ് 1,900 രൂപയാണ്. ഇവയൊക്കെ ഡൽഹിയിൽ പ്രാബല്യത്തിലുള്ള നിരക്കുകളാണ്; സംസ്ഥാനാടിസ്ഥാനത്തിൽ ഈ നിരക്കുകളിൽ ചില്ലറ വ്യത്യാസങ്ങൾ പ്രതീക്ഷിക്കാം. 

പുതുവർഷം പ്രമാണിച്ചു ബജാജ് മോട്ടോർ സൈക്കിൾ ശ്രേണി നവീകരിച്ചിട്ടുമുണ്ട്. ഡിജിറ്റൽ ഇൻസ്ട്രമെന്റ് പാനൽ പോലുള്ള പുതുമകളാണ് ‘അവഞ്ചർ’ മോഡലുകളിൽ കമ്പനി നടപ്പാക്കിയിരിക്കുന്നത്. ‘ഡൊമിനറി’നാവട്ടെ പുതിയ നിറങ്ങളും സ്വർണ വർണമുള്ള വീലുകളും ഇടംപിടിച്ചു. ഇതോടൊപ്പം ‘ഡിസ്കവർ 110’ വീണ്ടും വിൽപ്പനയ്ക്കെത്തിക്കാനും ബജാജ് ഓട്ടോ തീരുമാനിച്ചിട്ടുണ്ട്; ബൈക്കിന് 50,500 രൂപയാണു വില പ്രതീക്ഷിക്കുന്നത്.