ബുക്ക് ചെയ്യാം, പുതിയ സ്വിഫ്റ്റ്

Swift 2018

മാരുതിയുടെ ജനപ്രിയ വാഹനം സ്വിഫ്റ്റിന്റെ പുതിയ മോഡൽ ബുക്ക് ചെയ്യാം. ബുക്കിങ് തുടങ്ങിയ വിവരം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുതിയ സ്വിഫ്റ്റിന്റെ ബുക്കിങ് ഡീലർഷിപ്പുകളിൽ ആരംഭിച്ചു എന്നാണ് അനൗദ്യോഗിക വിവരങ്ങൾ. ഫെബ്രുവരി ആദ്യം ന്യൂഡൽഹിയിൽ നടക്കുന്ന രാജ്യാന്തര ഓട്ടോഎക്സ്പോയിൽ പുതിയ സ്വിഫ്റ്റിനെ കമ്പനി പുറത്തിറക്കും. 

കഴിഞ്ഞ വർഷം അവസാനം ജപ്പാനിൽ പുറത്തിറങ്ങിയ സ്വിഫ്റ്റിന്റെ യൂറോപ്യൻ പതിപ്പ് ഏപ്രിലിൽ പുറത്തിറങ്ങിയിരുന്നു. നിലവിൽ യുറോപ്പ്, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ വിപണികളിൽ പുതിയ സ്വിഫ്റ്റിനെ സുസുക്കി അവതരിപ്പിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ വാഹനത്തെ അതേപടി ഇന്ത്യയിൽ പുറത്തിറക്കാതെ രാജ്യത്തെ സാഹചര്യങ്ങൾക്കും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾക്കും അനുസരിച്ചു വാഹനത്തിനു മാറ്റങ്ങൾ വരുത്തുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ടു തന്നെ അകത്തും പുറത്തും ചെറിയ മാറ്റങ്ങളുമായിട്ടാകും പുതിയ സ്വിഫ്റ്റ് എത്തുക. രാജ്യാന്തര വിപണിയിൽ സ്പോർട്സ്, ഹൈബ്രിഡ് പതിപ്പുകളുണ്ടെങ്കിലും തുടക്കത്തിൽ ഇന്ത്യയിൽ അത് എത്തിച്ചേക്കില്ല.

ലോക വിപണിയിൽ 138 ബിഎച്ച്പി കരുത്തും 230 എൻഎം ടോർക്കുമുള്ള 1.4 ലീറ്റർ ബൂസ്റ്റർ ജെറ്റ് പെട്രോൾ എൻജിനുണ്ടെങ്കിലും ഇന്ത്യയിൽ ബലേനൊ ആർഎസിലുടെ അരങ്ങേറ്റം കുറിച്ച 1 ലീറ്റർ ബൂസ്റ്റർജെറ്റ് എൻജിനാകും എത്തുക. 1.2 ലീറ്റർ പെട്രോൾ എൻജിനും 1.3 ലീറ്റർ ഡീസൽ എൻജിനും പുതിയ സ്വിഫ്റ്റിലുണ്ടാകും.