ബലേനൊയെ വെല്ലാൻ പ്രീമിയം ഹാച്ചുമായി ടാറ്റ

വിപണിയിൽ ജനപ്രീതി സൃഷ്ടിച്ച ടിയാഗോയ്ക്കും നെക്സോണിനും ശേഷം പ്രീമിയം ഹാച്ച്ബാക്കിൽ ഒരു കൈ പരീക്ഷിക്കാൻ ടാറ്റ. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ മാരുതി ബലേനൊ ഹ്യുണ്ടേയ് എലൈറ്റ് ഐ 20 തുടങ്ങിയ കാറുകളുമായി മത്സരിക്കാനെത്തുന്ന കാറിനെ അടുത്തമാസം ആദ്യം നടക്കുന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ ടാറ്റ പ്രദർശിപ്പിക്കും. എക്സ് 451 എന്ന കോഡുനാമത്തിൽ അറിയപ്പെടുന്ന വാഹനത്തിന്റെ പേര് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായി എത്തുന്ന ചെറു കാർ പുതിയ അഡ്വാൻസ്ഡ് മോഡുലാർ പ്ലാറ്റ്ഫോമിലായിരിക്കും (എഎംപി) നിർമിക്കുക.

വരും തലമുറ ടാറ്റ വാഹനങ്ങളുടെ ഇംപാക്റ്റ് ഡിസൈൻ ലാഗ്വേജ് 2.0 ൽ പുറത്തിറങ്ങുന്ന ആദ്യ വാഹനമായിരിക്കും പ്രീമിയം ഹാച്ച്ബാക്ക്. ടിയാഗോ, ടിഗോർ, നെക്സോൺ തുടങ്ങിയ വാഹനങ്ങൾ ഇംപാക്റ്റ് ഡിസൈൻ ലാഗ്വേജ് 1.0 പ്രകാരം ഡിസൈൻ ചെയ്ത വാഹനങ്ങളായിരുന്നു. 

ടിയോഗോയെക്കാൾ വലിപ്പമുള്ള വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങൾ കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. ടാറ്റയുടെ പുതു തലമുറ കാറുകളെപ്പോലെ സ്റ്റൈലൻ ലുക്കും ധാരാളം ഫീച്ചറുകളുമായിട്ടാകും പുതിയ കാർ പുറത്തിറങ്ങുക. നെക്സോണിൽ ഉപയോഗിക്കുന്ന 1.2 ലീറ്റർ‌ ടർബൊ പെട്രോൾ എൻജിനും ടിയാഗോയിലെ 1.05 ലീറ്റർ ഡീസൽ എൻജിനുമാകും പുതിയ കാറിന് കരുത്തേകുക. ഡീസൽ എൻജിന് കൂട്ടായി (വി ജി ടി)വേരിയബിൽ ജോമട്രി ടർബോയും ഉണ്ടാകും. ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിക്കുന്ന വാഹനം ഈ വർഷം തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.