ടിയാഗോ എഎംടി െബംഗ്ലദേശിൽ

Tata Tiago

ഹാച്ച്ബാക്കായ ‘ടിയാഗൊ’യുടെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) പതിപ്പ് ടാറ്റ മോട്ടോഴ്സ് ബെംഗ്ലദേശിൽ വിൽപ്പനയ്ക്കെത്തിച്ചു. 1.2 ലീറ്റർ പെട്രോൾ എൻജിൻ കരുത്തേകുന്ന ‘ടിയാഗൊ എ എം ടി’ ബംഗ്ലദേശിലെ ഇരുപതോളം ടാറ്റ ഡീലർഷിപ്പുകൾ വഴിയാണു വിൽപ്പനയ്ക്കെത്തുക. 14.95 ലക്ഷം ടാക(ഏകദേശം 11.57 ലക്ഷം ഇന്ത്യൻ രൂപ) മുതലാണു ‘ടിയാഗൊ’യുടെ ബംഗ്ലദേശ് വിപണിയിലെ വില. സ്പോർട്സ്, സിറ്റി ഡ്രൈവ്  മോഡലുകളുള്ള എ എം ടിയിൽ നാലു ഗീയറുകളാണുള്ളത്: ഓട്ടമാറ്റിക്, ന്യൂട്രൽ, റിവേഴ്സ്, മാനുവൽ.

ആവേശം സൃഷ്ടിക്കുന്ന സാങ്കേതികവിദ്യയുടെ പിൻബലമുള്ള പുത്തൻ കാറുകൾ ബംഗ്ലദേശിൽ വിൽപ്പനയ്ക്കെത്തിക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്ന് ടാറ്റ മോട്ടോഴ്സിന്റെ വിതരണ ചുതമലയുള്ള ധാക്ക ആസ്ഥാനമായ നിതൊൽ നിലൊയ് ഗ്രൂപ്പിന്റെ ചെയർമാൻ അബ്ദുൽ മത്ലബ് അഹമ്മദ് അഭിപ്രായപ്പെട്ടു. സൗകര്യങ്ങളിലും സംവിധാനങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെ മികച്ച ഇന്ധനക്ഷമതയോടെ എത്തുന്ന ‘ടിയാഗൊ എ എം ടി’ ധാക്കയിലെ നിരത്തുകൾക്കു തീർത്തും അനുയോജ്യമാണെന്നും അദ്ദേഹം വിലയിരുത്തി.

യാത്രാവാഹന വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സിന്റെ വളർച്ചയ്ക്ക് ഈർജം പകർന്ന ‘ടിയാഗൊ’യുടെ എ എം ടി വകഭേദം അവതരിപ്പിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നായിരുന്നു ടാറ്റ മോട്ടോഴ്സ് പ്രസിഡന്റ്(പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ്) മയങ്ക് പരീക്കിന്റെ പ്രതികരണം. വിപണി കൂടുതൽ വികസിപ്പിക്കാൻ ഈ കാർ വഴി തെളിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപിച്ചു.

രണ്ടു വർഷത്തോളം മുമ്പ് 2016 ഏപ്രിലിൽ നിരത്തിലെത്തിയ ‘ടിയാഗൊ’ സ്ഥിരതയാർന്ന വിൽപ്പന കൈവരിക്കുന്നതിൽ വിജയിച്ചതു ടാറ്റ മോട്ടോഴ്സിന്റെ യാത്രാവാഹന വിഭാഗത്തിന് ഏറെ ആശ്വാസം പകർന്നിരുന്നു. ഇന്ത്യൻ വിപണിയിൽ ഇതുവരെ 1.10 ലക്ഷത്തോളം യൂണിറ്റിന്റെ വിൽപ്പന കൈവരിച്ചു മുന്നേറുന്ന ‘ടിയാഗൊ’യുടെ പ്രതിമാസ കയറ്റുമതിയും ശരാശരി അയ്യായിരത്തോളം കാറുകളാണ്.