ഡീസൽ ഓട്ടമാറ്റിക്കുമായി പുതിയ സ‍്വിഫ്റ്റ്, അറിയാം കൂടുതൽ വിവരങ്ങള്‍

New Swift

അടുത്തമാസം ആദ്യം പുറത്തിറക്കുന്നതിന് മുന്നോടിയായി പുതിയ സ്വിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ മാരുതി സുസുക്കി പുറത്തുവിട്ടു. അ‍ഞ്ചാം തലമുറ ഹെർടെക് പ്ലാറ്റ്ഫോമിലാണ് പുതിയ സ്വിഫ്റ്റിന്റെ നിർമാണം. ഡ്രൈവ് മികവിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകിയാണ് പുതിയ സ്വിഫ്റ്റിന്റെ നിർമാണം എന്നാണ് മാരുതി അവകാശപ്പെടുന്നത്. പുതിയ സ്വിഫ്റ്റിന്റെ ബുക്കിങും ആരംഭിച്ചതായി മാരുതി അറിയിച്ചിട്ടുണ്ട്. 11000 രൂപ നൽകിയാൽ വാഹനത്തെ ബുക്ക് ചെയ്യാം. 

New Swift

പെട്രോൾ ഡീസൽ പതിപ്പുകളിലാണ് 12 മോ‍ഡലുകളുമായാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. എൽഎക്സ്ഐ, എൽഡിഐ, വിഎക്സ്ഐ, വിഡിഐ, ഇസ‍ഡ്എക്സ്ഐ, ഇസഡ്ഡിഐ, ഇസ‍ഡ്എക്സ്ഐ പ്ലെസ്, ഇസഡ്ഡിഐ പ്ലെസ് തുടങ്ങിയ വകഭേങ്ങളുണ്ടാകും പുതിയ സ്വിഫ്റ്റിന്. കൂടാതെ വിഎക്സ്ഐ, വിഡിഐ, ഇസ‍ഡ്എക്സ്ഐ, ഇസഡ്ഡിഐ, ഇസ‍ഡ്എക്സ്ഐ പ്ലെസ്, ഇസഡ്ഡിഐ പ്ലെസ് എന്നീ വകഭേദങ്ങൾക്ക് ഓട്ടമാറ്റിക്ക് മാനുവൽ ട്രാൻസ്മിഷനുമുണ്ട്. 

New Swift

മുൻതലമുറ സ്വിഫ്റ്റിനെക്കാൾ 40എംഎം വീതിയും 20 എംഎം വീൽബെയ്സും 24 എംഎം ഹെ‍ഡ്റൂമുമുണ്ട് പുതിയതിന്. കൂടാതെ പഴയതിനെക്കാൾ 40 കെജി ഭാരക്കുറവുണ്ട് പുതിയ സ്വിഫ്റ്റിന്. നിലവിലെ സ്വിഫ്റ്റിന് കരുത്തു പകരുന്ന 83 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കുമുള്ള 1.2 ലീറ്റർ പെട്രോൾ എൻജിനും 75 ബിഎച്ച്പി കരുത്തും 190 എൻഎം ടോർക്കുമുള്ള 1.3 ലീറ്റർ ഡീസൽ എൻജിനു തന്നെയാണ് പുതിയ കാറിനും. സുരക്ഷയ്ക്കായി എബിഎസ് എയർബാഗുകൾ‌ അടിസ്ഥാന വകഭേദം മുതൽ നൽകിയിട്ടുണ്ട്. കാഴ്ചയിൽ മാത്രമല്ല, പ്രകടനക്ഷമതയിലും ഇന്ധനക്ഷമതയിലുമൊക്കെ പുതിയ ‘സ്വിഫ്റ്റ്’ മുൻഗാമിയെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാവും. 

New Swift

പൂർണമായും പൊളിച്ചെഴുതിയ അകത്തളമായിരിക്കും പുതിയ കാറിന്. പ്രീമിയം ഇന്റീരിയറായിരിക്കും വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വിപണിയിലെ പുത്തൻ മോഡലുകളോടു കിടപിടിക്കുന്ന ഇൻസ്ട്രമെന്റ് ക്ലസ്റ്ററും മറ്റു സൗകര്യങ്ങളും സംവിധാനങ്ങളും വാഹനങ്ങളിലുണ്ട്.