റെക്കോഡ് വിൽപ്പന തിളക്കത്തോടെ റെനോ

കഴിഞ്ഞ വർഷം റെക്കോഡ് വിൽപ്പന കൈവരിച്ചെന്നു ഫ്രഞ്ച് നിർമാതാക്കളായ റെനോ. 2016നെ അപേക്ഷിച്ച് 8.5% വർധനയോടെ 37.60 ലക്ഷം കാറുകളാണ് കമ്പനി കഴിഞ്ഞ വർഷം ആഗോളതലത്തിൽ വിറ്റത്. എല്ലാ വിപണികളിലും വിൽപ്പന വളർച്ച നേടാനും സാധിച്ചെന്നു റെനോ അറിയിച്ചു. ഏഷ്യ പസഫിക് മേഖലയിലായിരുന്നു മികച്ച വിൽപ്പന വളർച്ച: 17%. കൂടാതെ ചൈനയിലും വിൽപ്പന ഇരട്ടിയോളമായി ഉയർന്നു. യുറേഷ്യയിലെ വിൽപ്പനയിലാവട്ടെ 16.6% വർധന നേടാനായി. യൂറോപ്പിൽ വിൽപ്പന വളർച്ച 5.6% ആയിരുന്നു.

വിപണനം വിപുലീകരിക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങൾക്കു മികച്ച ഫലം ലഭിക്കുന്നുണ്ടെന്നതിനു വിൽപ്പനക്കണക്കുകൾ തെളിവാണെന്ന് റെനോ വിൽപ്പന വിഭാഗം മേധാവി തിയറി കൊസ്കാസ് അഭിപ്രായപ്പെട്ടു. 

തുടർച്ചയായ അഞ്ചാം വർഷമാണു റെനോയുടെ വാഹന വിൽപ്പന വർധന കൈവരിച്ചു മുന്നേറുന്നത്. ഇതുവരെ റെനോ, ഡാഷ്യ, ആൽപൈൻ, സാംസങ് മോട്ടോഴ്സ് ബ്രാൻഡുകൾ ഉൾപ്പെട്ടിരുന്ന റെനോ ഗ്രൂപ്പിൽ കഴിഞ്ഞ വർഷം ഇതാദ്യമായി റഷ്യൻ വാഹന നിർമാതാക്കളായ ലാഡയും ഇടംപിടിച്ചു. ഇക്കൊല്ലവും രാജ്യാന്തര തലത്തിലുള്ള വിപുലീകരണവും വളർച്ചയുമാണു റെനോ ലക്ഷ്യമിടുന്നതെന്ന് കൊസ്കാസ് അറിയിച്ചു. 

മോഡൽ ശ്രേണി നവീകരിച്ചതാണു റെനോ ബ്രാൻഡിന്റെ മുന്നേറ്റത്തിനു വഴി തെളിച്ചതെന്നാണു വിലയിരുത്തൽ; ‘മെഗെയ്ൻ’ ശ്രേണി പൂർണമായും ഉടച്ചുവാർത്ത റെനോ ‘കൊളിയോസ്’ അവതരിപ്പിക്കുകയും ചെയ്തു. യൂറോപ്പിലെ വൈദ്യുത വാഹന വിപണിയിൽ നേതൃസ്ഥാനം നിലനിർത്താനും റെനോയ്ക്കു കഴിഞ്ഞു; 23.8% ആണു കമ്പനിയുടെ വിപണി വിഹിതം.

ഇക്കൊല്ലം ആഗോള കാർ വിൽപ്പന 2.5% വളർച്ചയാണു പ്രതീക്ഷിക്കുന്നത്; യൂറോപ്യൻ വിപണികളും റെനോയുടെ ജന്മനാടായ ഫ്രാൻസും ഒരു ശതമാനത്തോളം വിൽപ്പന വളർച്ച നേടുമന്നാണു കണക്കുകൂട്ടൽ. അതുകൊണ്ടുതന്നെ 2017ലെ മുന്നേറ്റം ഇത്തവണയും ആവർത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണു റെനോ.