കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് വിമാനങ്ങൾ, അപകടകരമായി ലാൻഡിങ്– വിഡിയോ

Image Captured From Youtube Video

വീശിയടിക്കുന്ന കൊടുങ്കാറ്റ്, പ്രതികൂലമായ അന്തരീക്ഷം, ഏതു പൈലറ്റിനേയും പ്രതിസന്ധിയിലാക്കുന്ന കാര്യമാണിത്. വിമാനത്തിലെ പൈലറ്റുമാരെയും യാത്രക്കാരെയും ഒരുപോലെ ഭീതിയിൽ ആഴ്ത്തുന്ന ഘടകമാണിത്. ഒരിക്കലും ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോകരുതേയെന്ന് പ്രാർത്ഥിക്കുന്നവരും കുറവല്ല. എന്നാൽ ചിലരെല്ലാം അത് ഈസിയായി കൈകാര്യം ചെയ്യും. അത്തരത്തിലൊരു അവസ്ഥയാണ് ജര്‍മനിയിലെ ഡുസല്‍ഡോര്‍ഫ് വിമാനത്താവളത്തിലുണ്ടായത്.

മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ വീശിയ ഫ്രഡറിക് കൊടുങ്കാറ്റിൽ പെട്ട് ആടിയുലയുന്ന വിമാനങ്ങളുടെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഏകദേശം 20 വിമാനങ്ങളാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നത്. ഇവയിൽ ചിലത് അപകടകരമാംവിധം ആടിയുലഞ്ഞെങ്കിലും പൈലറ്റ് സാഹസികമായി നിലത്തിറക്കി.

എന്നാൽ മറ്റു ചില വിമാനങ്ങൾ റൺവേയിൽ തൊട്ടെങ്കിലും അവസാന നിമഷം ലാൻഡ് ചെയ്യാതെ പറന്നുയർന്നു. പ്ലെയിൻ സ്പോട്ടർ എന്ന യുട്യൂബ് ചാനലിലാണ് 9 മിനിട്ട് ദൈർഘ്യമുള്ള ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഒരേ ദിവസം എടുത്ത വിഡിയോകൾ ചേർത്ത് വെച്ച് എഡിറ്റ് ചെയ്താണ് 9 മിനിറ്റിൽ ഒതുക്കിയതെന്ന് വിഡിയോയിൽ പറയുന്നുണ്ട്.

 ‌ജർമനിയെ വിറപ്പിച്ച ഫ്രെഡറിക് കൊടുങ്കാറ്റ് വൻനാശം വിതച്ചാണ് കടന്നുപോയത്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ  ജർമനിയിൽ ആഞ്ഞടിച്ച ഏറ്റവും വലിയ കൊടുങ്കാറ്റായിരുന്നു ഫ്രെഡറിക്.‌ ഫ്രെഡറിക് മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിലാണ് സംഹാര താണ്ഡവമാടിയത്.